തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആകെ 126 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പിൽ 58.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ജില്ലകളിൽ ഏറ്റവും ഉയർന്ന പോളിങ് കണ്ണൂരിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ പോളിങ് കോട്ടയം ജില്ലയിലായിരുന്നു. 38 വാർഡുകളിലെയും വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന് ആരംഭിച്ചു.
കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലെ ഓരോ വാർഡും മട്ടന്നൂർ, ചിറ്റൂർ-തത്തമംഗലം, ചാലക്കുടി നഗരസഭകളിലെ ഓരോ വാർഡും ഉൾപ്പെടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ ജില്ലാ പഞ്ചായത്ത് വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയും ഉപതെരഞ്ഞെടുപ്പിന്റെ പരിധിയിലുണ്ടായിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ വോട്ടുകൾ ഇന്ന് എണ്ണി ഫലം പ്രഖ്യാപിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ട്രെൻഡ് സംവിധാനത്തിലൂടെയും ഫലം ലഭ്യമാകും.
