Home Internationalഒമാൻ തീരത്തെ എണ്ണച്ചോർച്ച കരയിലേക്കും; കടുത്ത പാരിസ്ഥിതിക ഭീഷണി, മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

ഒമാൻ തീരത്തെ എണ്ണച്ചോർച്ച കരയിലേക്കും; കടുത്ത പാരിസ്ഥിതിക ഭീഷണി, മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

by news_desk1
0 comments

മസ്കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച കരയിലേക്കും വ്യാപിക്കാൻ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ സമുദ്ര വിഭാഗമായ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി. ശക്തമായ മൺസൂൺ കാറ്റ് തുടരുന്നതിനാൽ ചോർച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്. പാരിസ്ഥിതിക ദുരന്തം ഹല്ലാനിയാത്ത് ദ്വീപസമൂഹങ്ങളിലെ അപൂർവയിനം കടലാമകൾ ഉൾപ്പെടെയുള്ള സമുദ്രജീവികൾക്ക് വലിയ ഭീഷണിയായിരിക്കുകയാണ്.

ജൂൺ 30നാണ് ‘കരോലിൻ ബെസെംഗി’ എന്ന ക്രൂഡ് ഓയിൽ ടാങ്കർ ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ടത്. നിലവിൽ ഷർബിഥാത് തീരത്തുനിന്ന് 22 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുള്ളത്. അൽ-ഖിബ്ലിയ ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗത്തേക്ക് ഒഴുകിയ എണ്ണ ഇപ്പോൾ ഒമാന്റെ പ്രധാന കരഭാഗങ്ങളിലേക്കും എത്തിത്തുടങ്ങിയതായി ഐഎംഒ വക്താവ് അറിയിച്ചു.

സമുദ്രജീവികൾക്കും ഭീഷണി

ഒമാന്റെ തെക്കുകിഴക്കൻ തീരത്തെ റാസ് മദ്രക്ക മേഖലയിലെ ചില കടൽത്തീരങ്ങളിൽ എണ്ണ പടർന്ന് മലിനമായതായി ഒമാൻ ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു. ഏകദേശം 390 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് എണ്ണച്ചോർച്ച ബാധിച്ചിട്ടുണ്ടെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.

അപൂർവയിനം കടലാമകൾ ഉൾപ്പെടെയുള്ള സമുദ്രജീവികളുടെ സംരക്ഷണത്തിനായി കഴിഞ്ഞ വർഷം പ്രത്യേക സമുദ്ര സംരക്ഷണ മേഖലയായി പ്രഖ്യാപിച്ച ഹല്ലാനിയാത്ത് ദ്വീപസമൂഹങ്ങൾക്ക് സമീപമാണ് എണ്ണച്ചോർച്ച രൂക്ഷമായിരിക്കുന്നത്. ഇതുമൂലം മേഖലയിൽ വലിയ പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്ന് ഗ്രീൻപീസ് ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു.

കപ്പലിന് അപകടമുണ്ടായതിന്റെ കൃത്യമായ കാരണം ഒമാൻ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ ജൂൺ ആദ്യവാരം യെമൻ തീരത്തുകൂടി സഞ്ചരിക്കുന്നതിനിടെ കപ്പലിൽ സ്ഫോടനങ്ങളുണ്ടായെന്നും തുടർന്ന് കപ്പലിലേക്ക് വെള്ളം കയറിയെന്നും ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി കമ്പനിയായ വാങ്ഗാർഡ് വെളിപ്പെടുത്തി.

ഏകദേശം 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കപ്പലിലുള്ളതായാണ് വിവരം. പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ റഷ്യ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ വിഭാഗത്തിൽപ്പെട്ട പഴക്കംചെന്ന കപ്പലാണിതെന്നാണ് നിഗമനം. നിലവിൽ ഒമാൻ അധികൃതരും അന്താരാഷ്ട്ര ഏജൻസികളും ചേർന്ന് എണ്ണച്ചോർച്ച നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

You may also like