ന്യൂയോർക്ക്: റഷ്യൻ സൈന്യത്തിന്റെ ചതിക്കുഴികളിൽപ്പെട്ട് വിദേശ പൗരന്മാർ യുദ്ധക്കളത്തിൽ കൊല്ലപ്പെടുകയാണെന്നും സ്വന്തം പൗരന്മാരുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഐക്യരാഷ്ട്രസഭാ (യു.എൻ) പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് റഷ്യക്കെതിരെ കടുത്ത ആരോപണങ്ങളുമായി സെലെൻസ്കി രംഗത്തെത്തിയത്. ഇന്ത്യ അടക്കം 47-ഓളം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ പുടിൻ യുക്രെയ്‌നെതിരായ യുദ്ധത്തിന് ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വ്യാജ വാഗ്ദാനങ്ങൾ നൽകിയും കബളിപ്പിച്ചുമാണ് വിദേശികളെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ഇന്ത്യ, നേപ്പാൾ, ഘാന, തജിക്കിസ്ഥാൻ, കെനിയ, ബെലാറൂസ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളാണ് ഇതിനിരയാകുന്നത്. “നിങ്ങളുടെ പൗരന്മാരോട് റഷ്യ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ അറിയണം. പുടിന്റെ ഈ ഭ്രാന്തിന് നിങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ജീവൻ ബലികൊടുക്കാൻ അനുവദിക്കരുത്,” സെലെൻസ്കി അഭ്യർത്ഥിച്ചു. കൂടാതെ, റഷ്യയുമായുള്ള ഊർജ വ്യാപാരവും സാമ്പത്തിക ഇടപാടുകളും അവസാനിപ്പിക്കാൻ ഇന്ത്യ, ചൈന, തുർക്കി എന്നീ രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, റഷ്യൻ സൈന്യത്തിൽ ഏകദേശം 227 ഇന്ത്യൻ പൗരന്മാർ എത്തിപ്പെട്ടിട്ടുണ്ടെന്നും അതിൽ 139 പേരെ മോചിപ്പിച്ചതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുദ്ധത്തിൽ ഇതുവരെ 51 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു. ബാക്കിയുള്ളവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ റഷ്യൻ അധികൃതരുമായി ചർച്ചകൾ തുടരുകയാണെന്നും നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
