തൃശൂർ: സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തായുടെ ഡയറിയിൽ പേര് ഉയർന്നുവന്ന സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് വി. മുരളീധരൻ. കർത്തായുടെ കൈയിൽ നിന്ന് താൻ വ്യക്തിപരമായി പണം വാങ്ങിയിട്ടില്ലെന്നും യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷോൺ ജോർജ് പുറത്തുവിട്ട രേഖയുടെ ആധികാരികതയെക്കുറിച്ച് തനിക്കറിയില്ലെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2010 മുതൽ അഞ്ച് വർഷം പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന സമയത്ത് സംസ്ഥാന ഫണ്ട് ശേഖരണം നടത്തിയിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. ആ സമയത്ത് പ്രവർത്തകർ പലരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചിട്ടുണ്ടാകാം. അത് സംസ്ഥാന അധ്യക്ഷന്റെ നേരിട്ടുള്ള അറിവോടെ ആയിരിക്കണമെന്നില്ല. ബി.ജെ.പിയിൽ വി. മുരളീധരൻ എന്നൊരാൾ മാത്രമല്ല ഉള്ളതെന്നും മറ്റു മുരളീധരന്മാരിൽ ആരെങ്കിലും വാങ്ങിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായി ആദായനികുതി അടയ്ക്കുന്ന ആളാണ് താനെന്നും സാമ്പത്തിക ഇടപാടുകൾ ആർക്കും പരിശോധിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. എക്സാലോജിക്കിലേക്ക് പണം എത്തിയതാണ് യഥാർത്ഥ പ്രശ്നമെന്നും അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും വിജിലൻസിനോ സി.ബി.ഐക്കോ കേസ് അന്വേഷിക്കാമെന്നും മുരളീധരൻ പറഞ്ഞു.
അതോടൊപ്പം, മുഖ്യമന്ത്രി വി. ഡി. സതീശന്റെ വിമാനയാത്രയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ഏത് സുഹൃത്താണ് സതീശന് വിമാനയാത്രയ്ക്കുള്ള പണം മുടക്കിയതെന്ന് വ്യക്തമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഹോട്ടൽ പരിശോധനയ്ക്ക് പോകുന്നവർ അതേ ഹോട്ടലിന്റെ വാഹനം ഉപയോഗിക്കുമോ എന്നും വ്യാജവാറ്റ് തടയാൻ വാറ്റുകാരുടെ വാഹനം വാങ്ങിയാണോ പോകുന്നതെന്നും മുരളീധരൻ ചോദിച്ചു.
