Home Keralaമണ്ഡലകാലം തുടങ്ങി, എന്നിട്ടും ദ്വാരപാലക ശിൽപത്തിലെ മുറിവുകൾ പഴയപടി; ശബരിമലയിൽ അറ്റകുറ്റപ്പണി വൈകുന്നു

മണ്ഡലകാലം തുടങ്ങി, എന്നിട്ടും ദ്വാരപാലക ശിൽപത്തിലെ മുറിവുകൾ പഴയപടി; ശബരിമലയിൽ അറ്റകുറ്റപ്പണി വൈകുന്നു

by news_desk1
0 comments

ശബരിമല: മണ്ഡല–മകരവിളക്ക് തീർഥാടനത്തിന് തുടക്കമായിട്ടും ശബരിമലയിലെ ദ്വാരപാലക ശിൽപത്തിനുണ്ടായ കേടുപാടുകൾ പരിഹരിച്ചില്ല. സ്വർണക്കൊള്ളക്കേസിന്റെ അന്വേഷണത്തിനായി ശിൽപത്തിൽനിന്നും കട്ടിളപ്പാളിയിൽനിന്നും ക്ഷേത്രത്തിന്റെ വശങ്ങളിൽനിന്നും സാമ്പിളുകൾ ശേഖരിച്ചതിനെ തുടർന്നുണ്ടായ ദ്വാരങ്ങളാണ് എട്ടുമാസത്തോളമായിട്ടും അടയ്ക്കാത്തത്. തീർഥാടനം ആരംഭിച്ചിട്ടും ശ്രീകോവിലിലെ കേടുപാടുകൾ പരിഹരിക്കാത്തതിൽ ഭക്തർ കടുത്ത അതൃപ്തിയിലാണ്.

കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ഒരിഞ്ച് വീതിയുള്ള കഷണങ്ങളായി ആകെ 36 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ വർഷം നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലായിരുന്നു സാമ്പിൾ ശേഖരണം. ശ്രീകോവിലിൽനിന്ന് മുറിച്ചെടുത്ത ലോഹപ്പാളികൾ ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽ പരിശോധിച്ചതിന്റെ റിപ്പോർട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനാൽ തെളിവുകളുടെ ഭാഗമായി ഈ ലോഹഭാഗങ്ങൾ കോടതിയിൽ ഹാജരാക്കേണ്ടിവരും.

ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിൽനിന്ന് ശേഖരിച്ച ‘സ്ട്രിപ്പിങ് സോൾട്ട്’ എന്ന രാസവസ്തുവും ലോഹഭാഗങ്ങളും പരിശോധിച്ചതിലൂടെയാണ് സ്വർണം വേർതിരിച്ചെടുത്ത രീതി അന്വേഷണസംഘത്തിന് കണ്ടെത്താനായത്. മെർക്കുറിയും മറ്റു രാസവസ്തുക്കളും ഉപയോഗിച്ചതിന്റെ തെളിവുകളും സംഘത്തിന് ലഭിച്ചിരുന്നു.

ഹിന്ദുമതവിശ്വാസപ്രകാരം ശ്രീകോവിലിന് കേടുപാടുകളോ അംഗവൈകല്യമോ ഉണ്ടാകാൻ പാടില്ലെന്നാണ് വിശ്വാസം. എന്നാൽ സ്വർണക്കൊള്ളക്കേസിലെ അന്വേഷണം നീണ്ടതോടെ ദ്വാരപാലക ശിൽപത്തിന്റെയും ശ്രീകോവിലിന്റെയും കേടുപാടുകൾ പരിഹരിക്കുന്നതും വൈകുകയായിരുന്നു. ശ്രീകോവിലിലെ കേടുപാടുകൾ എത്രയും വേഗം പരിഹരിക്കണമെന്ന് ശബരിമല തന്ത്രി നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും തീർഥാടനകാലം ആരംഭിക്കുമ്പോഴും അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതാണ് ഭക്തരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നത്.

You may also like