വാഷിംഗ്ടൺ: ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന ഇറാന്റെ സമാധാന നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാൻ മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. ഇറാൻ മുന്നോട്ടുവച്ച നിർദേശം അമേരിക്കയ്ക്ക് ഉണ്ടായ വൻ സാമ്പത്തിക നഷ്ടം നികത്താനുള്ള ശ്രമമാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ നിലപാടിന് പിന്നാലെ വ്യോമ ഉപരോധത്തിനെതിരെ സൈനിക നടപടി സ്വീകരിക്കില്ലെന്ന് ഇറാനും വ്യക്തമാക്കി. മറ്റ് രാജ്യങ്ങളോട് ഇളവ് ആവശ്യപ്പെടുമെന്നും മറ്റ് നടപടികൾ ആലോചിക്കുമെന്നും ഇറാൻ അറിയിച്ചു. അമേരിക്ക ഉപാധികൾ അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് ദിവസത്തെ സമാധാന നിർദേശത്തിന് പരമോന്നത നേതാവിന്റെ പിന്തുണയുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, മേഖലയിൽ തുടരുന്ന സൈനിക നടപടികൾ അമേരിക്കയ്ക്കും വെല്ലുവിളിയാകുന്നുണ്ട്. അമേരിക്കൻ പടക്കപ്പൽ ജോർജ് വാഷിങ്ടണിന് മുകളിൽ മിസൈൽ സ്ഫോടനം നടത്തിയെന്നും പിടിച്ചെടുത്ത യു.എസ്. അന്തർവാഹിനിയിൽ റിവേഴ്സ് എൻജിനീയറിങ് നടത്തുകയാണെന്നും ഇറാൻ അവകാശപ്പെട്ടു. ദീർഘകാലമായി യുദ്ധദൗത്യത്തിലുള്ള ഏബ്രഹാം ലിങ്കൺ പടക്കപ്പലിലെ എട്ട് അമേരിക്കൻ സൈനികർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തതായും വിവരമുണ്ട്.
കടുത്ത ഉപരോധങ്ങൾക്കിടയിലും ഡ്രോൺ നിർമാണത്തിനായി ചൈന ഈ വർഷം ആദ്യ ആറുമാസത്തിനിടെ 1,300 ഷിപ്മെന്റുകൾ ഇറാനിലേക്ക് അയച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
