Home Keralaമരണ സർട്ടിഫിക്കറ്റിന് എത്തിയ 22കാരിക്ക് അശ്ലീല സന്ദേശം; വില്ലേജ് ഓഫീസർ അറസ്റ്റിൽ

മരണ സർട്ടിഫിക്കറ്റിന് എത്തിയ 22കാരിക്ക് അശ്ലീല സന്ദേശം; വില്ലേജ് ഓഫീസർ അറസ്റ്റിൽ

by news_desk1
0 comments

കണ്ണൂർ: അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയ (47) അറസ്റ്റിൽ. യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസറെ ഭർത്താവും ബന്ധുക്കളും തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ആൾക്കൂട്ട മർദനത്തിന് ഇരയായെന്ന ജിജു സ്കറിയയുടെ പരാതിയിലും പൊലീസ് കേസെടുത്തു.

മൂന്ന് വർഷം മുൻപ് മരിച്ച അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനായി ഏതാനും ദിവസം മുൻപാണ് യുവതി എടക്കാട് വില്ലേജ് ഓഫീസിലെത്തിയത്. അവിടെനിന്ന് ഫോൺ നമ്പർ വാങ്ങിയ ജിജു സ്കറിയ ഇന്നലെ രാത്രി ഒമ്പതോടെ യുവതിക്ക് വാട്സ്ആപ്പിൽ സന്ദേശങ്ങൾ അയച്ചുതുടങ്ങി. ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ ലഭിച്ചതോടെ യുവതി ഭർത്താവിനെയും സഹോദരനെയും വിവരം അറിയിച്ചു. തുടർന്ന് യുവതിയുടെ ഭർത്താവ് സന്ദേശങ്ങൾക്ക് മറുപടി നൽകുകയും വീടിന്റെ ലൊക്കേഷൻ അയച്ചുനൽകുകയും ചെയ്തു.

ഇതനുസരിച്ച് രാത്രി 11 മണിയോടെ കണ്ണൂർ നഗരപരിധിയിലെ യുവതിയുടെ വീട്ടിലെത്തിയ ജിജു സ്കറിയയെ ബന്ധുക്കൾ തടഞ്ഞുവച്ചു. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രി ഏഴോടെ അറസ്റ്റ് രേഖപ്പെടുത്തി.

ജിജു സ്കറിയയുടെ പരാതിയിൽ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന 12 പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേരൽ, ആൾക്കൂട്ട വിചാരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

You may also like