Home Editorialവെളിച്ചം കാത്ത് അട്ടപ്പാടി

വെളിച്ചം കാത്ത് അട്ടപ്പാടി

by news_desk
0 comments


ഒരു വീട്ടിൽ ഒരു രാത്രി വൈദ്യുതിയില്ലാതിരിക്കുന്നത് അസൗകര്യമായിരിക്കാം. പക്ഷേ, 300-ലേറെ ആദിവാസി കുടുംബങ്ങൾ 20 രാത്രികൾ തുടർച്ചയായി ഇരുട്ടിൽ കഴിയേണ്ടിവരുന്നത് ഒരു വൈദ്യുതി തകരാറായി മാത്രം വിശേഷിപ്പിക്കാനാകില്ല. അത് ഭരണസംവിധാനത്തോട് ചോദിക്കേണ്ട ഒരു കടുത്ത ചോദ്യമാണ്. സമ്പൂർണ വൈദ്യുതി സാധ്യമായ സംസ്ഥാനമെന്ന  അഹങ്കാരവും ലോകത്തിന് മുന്നിലെ മാതൃകയുമാണ് കേരളമെന്ന് ഊറ്റം കൊള്ളുന്ന നാട്ടിലെ തീർത്തും നിരാശ്രയരും നിസഹായരുമായ ഒരു ജനതയുടെ ദുരിതജീവിതത്തിന്റെ ഒരു ഭാഗമാണ് പറഞ്ഞത്. പവർകട്ടിന് മുൻ സർക്കാരിന്റെ പിടിപ്പുകേടെന്നും ഇപ്പോൾ കറന്റ് കിട്ടാനില്ലെന്നുമുള്ള മുടന്തൻ ന്യായീകരണങ്ങളിരിക്കട്ടെ. പക്ഷേ, ഇത് പവർകട്ടിന്റെ പേരിലൊതുക്കാവുന്നതല്ല.  അട്ടപ്പാടിയിലെ ആനവായ്, കടുകുമണ്ണ, കിണറ്റുകര, മുരുഗള ഊരുകളിലാണ് ദിവസങ്ങളായി വൈദ്യുതി മുടങ്ങിയിരിക്കുന്നത്. വന്യമൃഗശല്യം രൂക്ഷമായ മേഖലയിൽ സൂര്യൻ അസ്തമിച്ചാൽ ഭയം കൂടി ഇരുട്ടിലിറങ്ങുകയാണ്. കുട്ടികൾക്കും സ്ത്രീകൾക്കും വയോധികർക്കും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പോലും കഴിയാതെ വന്നതോടെ അടിയന്തര സാഹചര്യങ്ങളിൽ പുറംലോകവുമായി ബന്ധപ്പെടുന്നതും ദുഷ്കരം. ഇരുട്ട് അവരുടെ വീടുകളിൽ മാത്രമല്ല; ഭരണകൂടത്തിന്റെ ശ്രദ്ധയിലും പടരുന്നുണ്ടോ എന്നതാണ് അട്ടപ്പാടി ചോദിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന കേബിളിലുണ്ടായ തകരാറാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്നാണ് കെ.എസ്.ഇ.ബി വിശദീകരണം. തകരാർ പരിഹരിച്ചെന്നും ചില പ്രദേശങ്ങളിൽ മാത്രമാണ് വൈദ്യുതി തടസ്സമെന്നും അധികൃതർ പറയുന്നു. എന്നാൽ നിരവധി കുടുംബങ്ങൾ ഇപ്പോഴും വൈദ്യുതിയില്ലാതെ കഴിയുന്നുവെന്ന നാട്ടുകാരുടെ പരാതി അവഗണിക്കാനാകില്ല. വൈദ്യുതി ഇന്ന് ഒരു ആഡംബരമല്ല; സുരക്ഷയുടെയും വിദ്യാഭ്യാസത്തിന്റെയും ആശയവിനിമയത്തിന്റെയും ആരോഗ്യത്തിന്റെയും അടിസ്ഥാന സൗകര്യമാണ്. നഗരങ്ങളിൽ മണിക്കൂറുകൾ വൈദ്യുതി മുടങ്ങിയാൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകുമ്പോൾ, ആദിവാസി ഊരുകളിൽ ആഴ്ചകളോളം നീളുന്ന ഇരുട്ട് എന്തുകൊണ്ട് അതേ ഗൗരവത്തോടെ കാണുന്നില്ല എന്ന ചോദ്യം സ്വാഭാവികമാണ്. വന്യമൃഗങ്ങളെ ഭയന്ന് പുറത്തിറങ്ങാനാകാത്ത മനുഷ്യർ, വൈദ്യുതിയില്ലാത്തതിനാൽ വീടിനുള്ളിലും സുരക്ഷിതരല്ലാത്ത അവസ്ഥ-ഇത് വികസനത്തിന്റെ ഏത് മുഖമാണ്?. തകരാർ എവിടെയായാലും പരിഹാരം കണ്ടെത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. 20 ദിവസം പിന്നിട്ടിട്ടും ഒരു ജനതയുടെ ജീവിതത്തിലേക്ക് വെളിച്ചം തിരിച്ചെത്തിയിട്ടില്ലെങ്കിൽ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. അട്ടപ്പാടിയിലെ ഓരോ വീട്ടിലും വൈദ്യുതി പുനഃസ്ഥാപിക്കുന്നതുവരെ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണം. വന്യമൃഗഭീഷണി നിലനിൽക്കുന്ന ഊരുകളിൽ വൈദ്യുതി തടസ്സം ദീർഘിക്കാതിരിക്കാൻ പ്രത്യേക സംവിധാനവും ആവശ്യമാണ്.
ഇരുട്ടിൽ കഴിയുന്നവരോട് ‘കാത്തിരിക്കൂ’ എന്ന് പറയുന്നത് എളുപ്പമാണ്. എന്നാൽ ഇരുട്ട് അനുഭവിക്കുന്നവർക്ക് അറിയാം-ഒരു രാത്രി എത്ര നീളമുള്ളതാണെന്ന്. ഭരണകൂടം അത് മറക്കരുത്.

You may also like