Home Top StoriesKASE ഡയറക്ടർ നിയമനം; മന്ത്രി ഷിബു ബേബി ജോണിനെതിരെ ബന്ധം ചൂണ്ടിക്കാട്ടി ആരോപണം

KASE ഡയറക്ടർ നിയമനം; മന്ത്രി ഷിബു ബേബി ജോണിനെതിരെ ബന്ധം ചൂണ്ടിക്കാട്ടി ആരോപണം

by news_desk1
0 comments

കൊച്ചി: വ്യാജരേഖാ കേസിൽ പ്രതിയായ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ഡയറക്ടർ ടോം എം. ജോസഫിനെ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് (KASE) ഡയറക്ടറായി നിയമിച്ചതിനെതിരെ ആരോപണം. മന്ത്രി ഷിബു ബേബി ജോണും ടോം ജോസഫും സിനിമാ നിർമാണത്തിൽ പങ്കാളികളായിരുന്നുവെന്നും ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്നുമാണ് ആരോപണം.

2025ൽ പുറത്തിറങ്ങിയ ‘ദാവീദ്’ സിനിമയുടെ നിർമാണവുമായി ഇരുവരും ബന്ധപ്പെട്ടിരുന്നുവെന്നാണ് ആരോപണം. ‘ജോൺ ആൻഡ് മേരി ക്രിയേറ്റീവ്’ എന്ന നിർമാണ കമ്പനിയുടെ രേഖകളിൽ മന്ത്രിയുടെ മകന്റെ പേരാണുള്ളതെങ്കിലും ഇരുവർക്കും അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോം ജോസഫിന് ‘പ്രൊഫസർ ഓഫ് പ്രാക്ടീസ്’ പദവി നൽകിയതെന്നും ആരോപണമുണ്ട്.

ടോം ജോസഫിന്റെ KASE ഡയറക്ടർ നിയമനം വിവാദമായിട്ടും മന്ത്രി ഷിബു ബേബി ജോൺ തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറായിട്ടില്ലെന്നാണ് ആരോപണം. തൊഴിൽ-നൈപുണ്യ വകുപ്പിന് കീഴിലുള്ള KASEയിൽ നിയമനം നൽകിയതിന്റെ രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് കേസിൽ 2012ൽ അറസ്റ്റിലായ ടോം ജോസഫിനെതിരായ കേസ് വിചാരണ നീളുന്നതിനിടെയാണ് സർക്കാർ നിയമനം നൽകിയതെന്നും ആരോപണത്തിൽ പറയുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം രേഖകളിൽ ‘ടോം ബേബി’ എന്ന പേര് മാറ്റി ‘ടോം എം. ജോസഫ്’ എന്നാക്കിയെന്നും 2018ൽ ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടറായെന്നും ആരോപണത്തിൽ പറയുന്നു.

‘പ്രൊഫസർ ഓഫ് പ്രാക്ടീസ്’ പദവിയുമായി ബന്ധപ്പെട്ട യു.ജി.സി ചട്ടങ്ങൾ പ്രകാരം അധ്യാപനം, കരിക്കുലം രൂപീകരണം തുടങ്ങിയ ചുമതലകൾ നിർവഹിക്കേണ്ടതുണ്ടെന്നും വേതനം ലഭിക്കുന്ന പദവിയാണെങ്കിൽ ജനപ്രതിനിധികൾക്ക് ‘ഓഫീസ് ഓഫ് പ്രോഫിറ്റ്’ പ്രശ്‌നം ഉയരാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മന്ത്രി കെ.എം. ഷാജിയുടെ യൂറോപ്യൻ യാത്രയിലും ടോം ജോസഫ് ഒപ്പമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. ജെയിൻ യൂണിവേഴ്‌സിറ്റി പരിപാടികളിൽ യു.ഡി.എഫ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കാറുണ്ട്. കരിക്കുലം പരിഷ്‌കരണം ജെയിൻ യൂണിവേഴ്‌സിറ്റി നേതൃത്വം നൽകണമെന്ന് ജൂലൈ 12ന് നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

You may also like