Home Internationalട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് കാറ്ററിങ് ട്രക്കിലേക്ക്, പിന്നീട് സൈനിക വിമാനത്തിൽ ബ്രിട്ടനിലേക്ക്

ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് കാറ്ററിങ് ട്രക്കിലേക്ക്, പിന്നീട് സൈനിക വിമാനത്തിൽ ബ്രിട്ടനിലേക്ക്

by news_desk1
0 comments

വാഷിങ്ടൺ: നാറ്റോ ഉച്ചകോടിക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുർക്കിയിൽനിന്ന് ബ്രിട്ടനിലേക്ക് മടങ്ങിയത് അതീവ രഹസ്യനീക്കത്തിലൂടെയെന്ന് റിപ്പോർട്ട്. അങ്കാറ വിമാനത്താവളത്തിൽ പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപിനെ പിന്നീട് വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക് മാറ്റുകയും തുടർന്ന് എയർഫോഴ്സ് സി-32എ സൈനിക വിമാനത്തിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകുകയും ചെയ്തെന്നാണ് റിപ്പോർട്ട്.

സുരക്ഷാ കാരണങ്ങളാലാണ് ട്രംപിന്റെ യാത്രയിൽ ഇത്തരമൊരു മാറ്റം വരുത്തിയതെന്നാണ് വിവരം. ഇറാനിൽനിന്നുള്ള വധഭീഷണി ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്താണ് നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.

തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഖത്തർ സമ്മാനിച്ച എയർഫോഴ്സ് വൺ വിമാനത്തിലാണ് ട്രംപ് അമേരിക്കയിൽനിന്ന് യാത്രതിരിച്ചത്. ഖത്തർ സമ്മാനിച്ച വിമാനത്തിലെ ട്രംപിന്റെ ആദ്യ വിദേശ യാത്രയായിരുന്നു ഇത്. ഉച്ചകോടിക്ക് ശേഷം ബ്രിട്ടനിലേക്ക് മടങ്ങുന്നതിനായി നേരത്തെ ഉപയോഗിച്ചിരുന്ന എയർഫോഴ്സ് വൺ വിമാനമാണ് തയ്യാറാക്കിയിരുന്നത്.

എന്നാൽ, അങ്കാറ വിമാനത്താവളത്തിൽ പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപ് അതിൽ യാത്ര ചെയ്തില്ലെന്നാണ് റിപ്പോർട്ട്. മാധ്യമപ്രവർത്തകരെയും ഫോട്ടോഗ്രാഫർമാരെയും അഭിവാദ്യം ചെയ്ത ശേഷം വിമാനത്തിൽ കയറിയ പ്രസിഡന്റിനെ പിന്നീട് വിമാനത്തിൽനിന്ന് ഇറക്കി വിമാനത്താവളത്തിലെ കാറ്ററിങ് ട്രക്കിലേക്ക് മാറ്റുകയായിരുന്നു. അവിടെനിന്ന് എയർഫോഴ്സ് സി-32എ സൈനിക വിമാനത്തിലേക്ക് മാറ്റിയ ശേഷം ബ്രിട്ടനിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോർട്ട്.

നീക്കം അതീവ രഹസ്യമായാണ് നടന്നത്. ട്രംപിനൊപ്പം പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ മാധ്യമപ്രവർത്തകരിൽ പലർക്കും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർക്കും ഇക്കാര്യം അറിയില്ലായിരുന്നു. പ്രസിഡന്റ് വിമാനത്തിലുണ്ടെന്ന ധാരണയിലാണ് ഇവർ യാത്ര തുടർന്നത്. യാത്രയ്ക്കിടെ ജനാലകളുടെ ഷേഡുകൾ അടച്ചിടാനും നിർദേശം നൽകിയിരുന്നു.

പിന്നീട് ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ട്രംപിനോട് ചോദിച്ചപ്പോൾ, അത് ഒരു അപകടകരമായ യാത്രയായതിനാലാകാം ഇത്തരത്തിൽ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ട്രംപ് സഞ്ചരിച്ച സി-32എ സൈനിക വിമാനമാണ് ബ്രിട്ടനിൽ ആദ്യം എത്തിയത്. ഏതാനും മിനിറ്റുകൾക്ക് ശേഷം പഴയ എയർഫോഴ്സ് വൺ വിമാനവും ബ്രിട്ടനിൽ ലാൻഡ് ചെയ്തു.

ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്കി. ഇറാനുമായുള്ള യുദ്ധസാഹചര്യത്തിന് പിന്നാലെ ട്രംപിന് ഇറാനിൽനിന്ന് വധഭീഷണി ഉൾപ്പെടെയുള്ള സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവരെയും അറിയിക്കാതെ ട്രംപിനെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ട്.

2000ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണും സമാനമായ രീതിയിൽ യാത്ര ചെയ്തിരുന്നു. പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ ഔദ്യോഗിക വിമാനം ഒഴിവാക്കി മറ്റൊരു എക്സിക്യൂട്ടീവ് ജെറ്റിലായിരുന്നു ക്ലിന്റൺ യാത്ര ചെയ്തത്.

You may also like