തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബമ്പർ ലോട്ടറിയിൽ ചരിത്ര റെക്കോർഡ് വിൽപ്പന. അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുന്ന ആദ്യ ലോട്ടറി എന്ന അപൂർവ നേട്ടമാണ് 2026-ലെ ഓണം ബമ്പർ സ്വന്തമാക്കിയത്. നാളെ നിർണായകമായ നറുക്കെടുപ്പ് നടക്കാനിരിക്കെയാണ് ഈ റെക്കോർഡ് കണക്കുകൾ ലോട്ടറി വകുപ്പ് പുറത്തുവിട്ടത്. വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തൃശ്ശൂർ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. ഏറ്റവും കുറവ് വിൽപ്പന രേഖപ്പെടുത്തിയത് കാസർഗോഡ് ജില്ലയിലാണ്.
ആകെ 90 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ 20 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചാണ് പാലക്കാട് ജില്ല ഒന്നാമതെത്തിയത്. ലോട്ടറി വകുപ്പിൽ നിന്നും ഹോൾസെയിൽ ഏജന്റുമാരിൽ നിന്നും ചില്ലറ വിൽപ്പനക്കാർ വാങ്ങിയ ബാക്കി ടിക്കറ്റുകളും പൂർണ്ണമായി വിറ്റഴിഞ്ഞ മട്ടാണ്.
ഏറ്റവും ഉയർന്ന സമ്മാനത്തുകയും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ അച്ചടിച്ചതും ഉൾപ്പെടെ നിരവധി പ്രത്യേകതകളാണ് ഈ വർഷത്തെ തിരുവോണം ബമ്പറിനുള്ളത്. ഒന്നാം സമ്മാനമായി 30 കോടി രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പേർക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 10 പേർക്കും നൽകും. ഇതിനുപുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 500 രൂപയായിരുന്നു ടിക്കറ്റ് വില.
