ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പുതിയ പേര് നിർദേശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇനി എഐയെ ‘സൂപ്പർ ഇന്റലിജൻസ്’ എന്ന് വിളിക്കണമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ‘ആർട്ടിഫിഷ്യൽ’ എന്ന വാക്ക് ഉപയോഗിക്കുന്നത് ഇത് കൃത്രിമമാണെന്ന തോന്നലുണ്ടാക്കുന്നതിനാലാണ് പേരുമാറ്റമെന്നും ട്രംപ് പറഞ്ഞു. അതേസമയം, സാങ്കേതികവിദ്യ അതിശയകരമാണെങ്കിലും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമർശം. അമേരിക്കൻ സർക്കാർ രേഖകളിൽ ഇനി ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്നതിന് പകരം ‘സൂപ്പർ ഇന്റലിജൻസ്’ ഉപയോഗിക്കുമെന്നും ലോകവും ഈ പേര് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. ‘സൂപ്പർ ഇന്റലിജൻസിന്റെ പുതിയ ലോകത്തിലേക്ക് സ്വാഗതം, എസ്ഐ’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ അതിവേഗം വികസിച്ചുകൊണ്ടിരിക്കുമ്പോൾ അതിനൊപ്പം നയതന്ത്ര ചർച്ചകൾക്കും മുന്നേറാൻ കഴിയുമോ എന്നും ട്രംപ് ചോദിച്ചു. എഐയിൽ ആധിപത്യം നേടുന്നവർക്കാണ് വിജയമെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. എഐയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെയും ട്രംപ് എതിർത്തു.
രണ്ടാം തവണ പ്രസിഡന്റായ ശേഷമുള്ള തന്റെ ഭരണത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു യുഎൻ പൊതുസഭയിലെ ട്രംപിന്റെ പ്രസംഗം. മുൻ ഭരണകൂടത്തിൽ നിന്ന് ‘ഇരുണ്ട കാലഘട്ടമാണ്’ തങ്ങൾക്ക് പാരമ്പര്യമായി ലഭിച്ചതെന്നും അമേരിക്കയെ ‘സുവർണകാലത്തിലേക്ക്’ മാറ്റിയെന്നും ട്രംപ് അവകാശപ്പെട്ടു.
സമ്പദ്വ്യവസ്ഥ, കുടിയേറ്റം, കുറ്റകൃത്യങ്ങൾ തുടങ്ങിയ മേഖലകളിലെ തന്റെ ഭരണകൂടത്തിന്റെ നടപടികളും നേട്ടങ്ങളും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
