ദില്ലി: ജോൺ ബ്രിട്ടാസ് എംപിയെ സുഷ്മിത ദേവ് ‘ലുങ്കിവാല’ എന്ന് വിളിച്ചതിനെതിരെ രാജ്യസഭയിൽ പ്രതിഷേധം. ബ്രിട്ടാസ് തന്നെയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അപമാനിച്ച അംഗം തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നും ‘ലുങ്കിവാല’ എന്ന് വിളിച്ച് പരിഹസിച്ചെന്നും ബ്രിട്ടാസ് സഭയിൽ ആരോപിച്ചു.
എല്ലാ അംഗങ്ങളും തുല്യരാണെന്നും സ്ഥലഭേദങ്ങളില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. രാജ്യവിരുദ്ധമായതോ വ്യക്തിവിരോധപരമായതോ ആയ നടപടികൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുഷ്മിത ദേവിനും പരാതിയുണ്ടെന്നും അവരുടെ ഭാഗവും കേൾക്കണമെന്നും റിജിജു ആവശ്യപ്പെട്ടു.
തുടർന്ന് രാജ്യസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ബ്രിട്ടാസിനെ മാത്രം സംസാരിക്കാൻ അനുവദിച്ചതിനെതിരെ ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചു. ജെപി നദ്ദയുടെ അടുത്തെത്തി സുഷ്മിത ദേവ് പരാതി ഉന്നയിച്ചു. ബഹളം രൂക്ഷമായതോടെ രാജ്യസഭ 2 മണി വരെ നിർത്തിവച്ചു.
