Home National16 ലക്ഷം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ നിധി തിവാരി മരിച്ച നിലയിൽ; അവസാന ഫോൺകോളിൽ അന്വേഷണം

16 ലക്ഷം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ നിധി തിവാരി മരിച്ച നിലയിൽ; അവസാന ഫോൺകോളിൽ അന്വേഷണം

by news_desk1
0 comments

ഭോപ്പാൽ: മധ്യപ്രദേശിലെ പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരി (30) വീടിനുള്ളിൽ മരിച്ച നിലയിൽ. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 16 ലക്ഷത്തോളം ഫോളോവേഴ്സുള്ള സമൂഹമാധ്യമ താരമാണ് നിധി. 2024ൽ ‘മിസ് പ്രെറ്റി ഇന്ത്യ’ കിരീടം നേടിയതോടെയാണ് മോഡലിങ്, അഭിനയ രംഗങ്ങളിൽ കൂടുതൽ സജീവമായത്.

സിനിമയിൽ കരിയർ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനിടെയാണ് ശനിയാഴ്ച നിധിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അവസാനമായി ലഭിച്ച ഫോൺകോളും നിധിയുടെ ഡിജിറ്റൽ ഇടപാടുകളും സമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

മരിക്കുന്നതിന് തൊട്ടുമുൻപ് നിധി ഫോണിൽ ആരോടോ സംസാരിച്ചിരുന്നതായി കുടുംബാംഗങ്ങൾ പൊലീസിന് മൊഴി നൽകി. ഫോൺ സംഭാഷണത്തിനിടെ തർക്കമുണ്ടായതായും പിന്നീട് മുറി അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തുറന്ന് അകത്തുകയറുകയായിരുന്നുവെന്നും വിവരമുണ്ട്. നിധിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരണത്തിന് തൊട്ടുമുൻപ് നിധി വാട്ട്‌സ്ആപ്പിൽ പങ്കുവെച്ച വൈകാരികമായ സ്റ്റാറ്റസും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ മരണത്തിലേക്ക് നയിച്ച യഥാർഥ കാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. മൊർവ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഡോ. ജ്ഞാനേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കോൾ റെക്കോർഡുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിന് ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

You may also like