കൊൽക്കത്ത: രാജ്യത്തെ പ്രമുഖ ചലച്ചിത്ര പഠനകേന്ദ്രമായ കൊൽക്കത്ത സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (SRFTI) വിദ്യാർത്ഥികൾക്ക് നേരെ ഒരു സംഘം ആളുകളുടെ ക്രൂരമായ ആക്രമണം. ക്യാമ്പസിനുള്ളിൽ അതിക്രമിച്ചുകയറിയ സംഘം പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ വടികളും കല്ലുകളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചതായി എസ്.ആർ.എഫ്.ടി.ഐ സ്റ്റുഡന്റസ് യൂണിയൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അഖിൽ ഭാരതീയ ഗ്രാഹക് പഞ്ചായത്ത് (ABGP) എന്ന സംഘടനയുടെ ബോധവൽക്കരണ പരിപാടി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാന തിയേറ്ററിൽ സംഘടിപ്പിച്ചതാണ് സംഘർഷങ്ങളുടെ തുടക്കം. വിദ്യാർത്ഥി യൂണിയനെയോ ക്യാമ്പസിലെ മറ്റുള്ളവരെയോ അറിയിക്കാതെ അധികൃതർ പരിപാടിക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് രണ്ടു മണിയോടെ തിയേറ്ററിലെത്തി പോസ്റ്ററുകൾ പതിപ്പിക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ സംഘാടകർ തടയുകയും പുറത്താക്കാൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് അക്രമാസക്തരായ സംഘം വിദ്യാർത്ഥികളെ “രാജ്യവിരുദ്ധർ” എന്നും “പാറ്റകൾ” എന്നും വിളിച്ച് അധിക്ഷേപിക്കുകയും കല്ലുകളും ഇഷ്ടികകളും വടികളും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുക്കാതെ മാറിനിന്ന വിദ്യാർത്ഥികളെ പോലും ക്യാമ്പസിലുടനീളം പിന്തുടർന്ന് മർദ്ദിച്ചു. രക്ഷപ്പെടാനായി ലൈബ്രറിയിൽ അഭയം തേടിയ വിദ്യാർത്ഥികളെ പിന്തുടർന്നെത്തിയ സംഘം ലൈബ്രേറിയനെയും മർദ്ദിക്കുകയും കെട്ടിടം വളയുകയും ചെയ്തു. ആക്രമണത്തിനിടെ വിദ്യാർത്ഥികളുടെ വസ്ത്രങ്ങൾ കീറുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തതായി ആരോപണമുണ്ട്.
പിന്നീട് വിദ്യാർത്ഥികൾ ഒന്നടങ്കം സംഘടിച്ചാണ് അക്രമികളെ തിയേറ്ററിൽ നിന്ന് പുറത്താക്കിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗേറ്റിന് പുറത്തു തടിച്ചുകൂടിയ സംഘം അകത്തേക്ക് കുപ്പികളും കല്ലുകളും എറിഞ്ഞതായി യൂണിയൻ പ്രസിഡന്റ് ബ്ലോസം ഹസാരിക, വൈസ് പ്രസിഡന്റ് ശുഭം വയദണ്ഡേ എന്നിവർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിലും പരിസരത്തും കനത്ത സുരക്ഷയും ശക്തമായ പ്രതിഷേധവുമാണ് നിലനിൽക്കുന്നത്.
