Home Nationalഡൽഹിയിലെ ലൈംഗികാതിക്രമ കേസുകൾ; സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് സുപ്രീംകോടതി

ഡൽഹിയിലെ ലൈംഗികാതിക്രമ കേസുകൾ; സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് സുപ്രീംകോടതി

by news_desk1
0 comments

ന്യൂഡൽഹി: ഡൽഹിയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത ലൈംഗികാതിക്രമ സംഭവങ്ങളിൽ ഇടപെട്ട് സുപ്രീംകോടതി. സംഭവങ്ങൾ ചൂണ്ടിക്കാട്ടി കോടതി സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ചു. ഡൽഹി സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ കോടതി രൂക്ഷമായി വിമർശിച്ചു.

ഐക്യദാർഢ്യ പ്രഖ്യാപനം കൊണ്ട് മാത്രം സാമൂഹിക തിന്മയെ അകറ്റാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഭരണകൂടത്തിന്റെ ഉത്തരവാദിത്തം തീരുമാനിക്കപ്പെടണമെന്നും 2012ലെ നിർഭയ കേസിന് സമാനമായ കുറ്റകൃത്യങ്ങളാണിതെന്നും കോടതി നിരീക്ഷിച്ചു.

ലേഡി ശ്രീറാം കോളേജിന് സമീപമുള്ള ആസ്ഥാ കുഞ്ച് പാർക്കിൽ 17കാരി പീഡനത്തിനിരയായ സംഭവം, സ്വരൂപ് നഗറിലെ കൂട്ടബലാത്സംഗം, ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന ബസിൽ പ്രായപൂർത്തിയാകാത്ത കുട്ടി ആക്രമിക്കപ്പെട്ട സംഭവം എന്നിവ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

ഭയമില്ലാതെയും അന്തസോടെയും ജീവിക്കാനുള്ള അന്തരീക്ഷം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി. തെരുവ് വിളക്കുകളുടെ കുറവ്, നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം, പൊലീസിന്റെ പട്രോളിങ്ങിലെ വീഴ്ച എന്നിവ ഭരണപരമായ പരാജയങ്ങളാണെന്നും ഇവ അതിക്രമങ്ങൾക്ക് സാഹചര്യമൊരുക്കുന്നുവെന്നും കോടതി വിമർശിച്ചു.

ആസ്ഥാ കുഞ്ച് പാർക്കിൽ നേരത്തെയും ലൈംഗികാതിക്രമ ശ്രമങ്ങൾ നടന്നതായി വിദ്യാർഥികൾ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുകയോ സുരക്ഷാ നിരീക്ഷണം ശക്തമാക്കുകയോ ചെയ്തില്ലെന്ന വിവരം ഏറെ ഖേദകരമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങൾ തടയുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

ഉദ്യോഗസ്ഥരിൽ കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കുന്ന നടപടികളാണ് ആവശ്യമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ചത്.

You may also like