മധുര: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണമോതിരം സമ്മാനമായി നൽകുന്ന തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മധുരയിൽ. മുഖ്യമന്ത്രി ജെ. ജോസഫ് വിജയ് മധുര രാജാജി സർക്കാർ ആശുപത്രിയിൽ പദ്ധതി ഉദ്ഘാടനം ചെയ്യും. സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം സർക്കാർ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികളും ഗുണഭോക്താക്കളാകും.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ഇ-കെവൈസി ചെയ്ത ആധാർ കാർഡിനൊപ്പം തിരിച്ചറിയൽ രേഖയോ മേൽവിലാസം തെളിയിക്കുന്ന രേഖയോ ആവശ്യമാണ്. പദ്ധതി ആരംഭിച്ചതിന് ശേഷം ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്ക് അവർ ജനിക്കുന്ന സർക്കാർ ആശുപത്രികളിൽ നിന്നുതന്നെ സ്വർണമോതിരം വിതരണം ചെയ്യും.
ഇതിനകം സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികൾക്ക് മോതിരം വിതരണം ചെയ്യുന്നതിനായി 107 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി ഒരു ദിവസം രാവിലെ 25 പേർക്കും ഉച്ചയ്ക്ക് ശേഷം 25 പേർക്കുമെന്ന രീതിയിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. ഗുണഭോക്താക്കൾക്ക് കൃത്യമായ തീയതിയും സമയവും രേഖപ്പെടുത്തിയ ക്ഷണക്കത്ത് വില്ലേജ് ഹെൽത്ത് നഴ്സുമാർ വഴി നൽകും.
പദ്ധതിയുടെ ഭാഗമായി സ്വർണമോതിരങ്ങൾ നിർമ്മിക്കുന്നതിനുള്ള ജോലി ജ്വല്ലറി സ്ഥാപനങ്ങളായ ജോയ് ആലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും 70:30 അനുപാതത്തിൽ നൽകിയിട്ടുണ്ട്.
മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിലെ ഉദ്ഘാടന ചടങ്ങിന് ശേഷം മുഖ്യമന്ത്രി ഗാന്ധി മ്യൂസിയവും മധുര മീനാക്ഷി ക്ഷേത്രവും സന്ദർശിക്കും.
