Home Keralaഅബദ്ധത്തിൽ ദേശീയപതാക തലകീഴായി പിടിച്ചത് കുറ്റമല്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

അബദ്ധത്തിൽ ദേശീയപതാക തലകീഴായി പിടിച്ചത് കുറ്റമല്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

by news_desk1
0 comments

കൊച്ചി: ദേശീയപതാകയെ അപമാനിക്കണമെന്ന ബോധപൂർവമായ ഉദ്ദേശ്യമില്ലാതെ അബദ്ധത്തിൽ പതാക തലകീഴായി പിടിച്ചത് മാത്രം നിയമപരമായി കുറ്റകരമല്ലെന്ന് ഹൈക്കോടതി. ദേശീയ അഭിമാനത്തെ അപമാനിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ രണ്ട് പ്രകാരം കുറ്റം ചുമത്തണമെങ്കിൽ പതാകയെ മനഃപൂർവം അവഹേളിക്കണമെന്ന വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

അബദ്ധത്തിലോ അറിയാതെയോ സംഭവിക്കുന്ന പിഴവുകളെ കുറ്റകൃത്യമായി കാണാനാകില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് കാസിം എച്ച്.കെയ്ക്കെതിരെ കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസും തുടർനടപടികളും ഹൈക്കോടതി റദ്ദാക്കി.

2022 ഓഗസ്റ്റിൽ നടന്ന ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് വസതിയിൽ വെച്ച് മുഹമ്മദ് കാസിമും ഭാര്യയും ദേശീയപതാകയുമായി ഫോട്ടോ എടുത്തിരുന്നു. എന്നാൽ ചിത്രത്തിൽ പതാകയുടെ കാവി നിറം താഴെയായി വരുന്ന രീതിയിൽ അബദ്ധത്തിൽ തലകീഴായി പിടിച്ച നിലയിലായിരുന്നു.

ലക്ഷദ്വീപിലെ ബിജെപി പ്രവർത്തകർ ഉൾപ്പെട്ട സ്വകാര്യ വാട്‌സാപ്പ് ഗ്രൂപ്പിൽ ഈ ചിത്രം പങ്കുവെക്കപ്പെട്ടതോടെ സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കവരത്തി പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ദേശീയ അഭിമാനത്തെ അപമാനിക്കൽ നിയമപ്രകാരം മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി ലക്ഷദ്വീപ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ കുറ്റപത്രവും സമർപ്പിച്ചു.

ഇതോടെയാണ് തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചത്. സ്വകാര്യ വാട്‌സാപ്പ് ഗ്രൂപ്പിൽ ചിത്രം പങ്കുവെച്ചത് എങ്ങനെ ‘പൊതുസ്ഥലത്തോ പൊതുജനമധ്യത്തിലോ’ ദേശീയപതാകയെ അപമാനിച്ചതിന്റെ പരിധിയിൽ വരുമെന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല.

വാട്‌സാപ്പ് ഗ്രൂപ്പ് സ്വകാര്യമായിരുന്നാലും അതിൽ നിരവധി അംഗങ്ങളുള്ളതിനാൽ നിയമത്തിലെ ‘പൊതുസ്ഥലത്തോ പൊതുജനമധ്യത്തിലോ’ എന്ന നിർവചനത്തിന്റെ പരിധിയിൽ അത് ഉൾപ്പെടുമെന്ന് കോടതി വ്യക്തമാക്കി.

എന്നാൽ കേസിൽ നിർണായകമായ ‘ഉദ്ദേശ്യം’ പരിശോധിച്ച കോടതി, കാസിം ദേശീയപതാകയെ അപമാനിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചിട്ടില്ലെന്ന് വിലയിരുത്തി. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ പോലും ഹർജിക്കാരൻ പതാകയെ മനഃപൂർവം അപമാനിച്ചുവെന്ന ആരോപണമില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ ചൂണ്ടിക്കാട്ടി.

ദേശീയപതാകയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്ത ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായാണ് ചിത്രം എടുത്തതെന്ന വസ്തുതയും കോടതി കണക്കിലെടുത്തു. അബദ്ധത്തിൽ പതാക തലകീഴായി പിടിച്ച സംഭവത്തിൽ അനാദരവ് കാട്ടാനുള്ള ബോധപൂർവമായ ഉദ്ദേശ്യമില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ സെക്ഷൻ രണ്ട് പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്ന് കണ്ടെത്തിയാണ് എഫ്.ഐ.ആറും മജിസ്ട്രേറ്റ് കോടതിയിലെ ക്രിമിനൽ നടപടികളും ഹൈക്കോടതി റദ്ദാക്കിയത്.

You may also like