തൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേരുമെന്ന സൂചനകൾ ശക്തമാകുന്നു. ഇന്ന് ഉച്ചയോടെ തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ആയ നമോ ഭവനിൽ എത്തി പാർട്ടി അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് വിവരം. നാട്ടിക നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായും മുകുന്ദൻ രംഗത്തിറങ്ങാനിടയുണ്ടെന്നാണ് സൂചന.
നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുകുന്ദൻ ബിജെപിയെ സ്വയം സമീപിച്ചതായാണ് ലഭിക്കുന്ന വിവരം. ഇതിനുമുമ്പ് മുകുന്ദന് പിന്തുണ നൽകേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ബിജെപിയിലേക്കുള്ള നീക്കം എന്ന വിലയിരുത്തലുണ്ട്.
നാട്ടികയിൽ സിപിഐ സ്ഥാനാർത്ഥിയായ ഗീതാ ഗോപിയുടേത് ‘പേയ്മെന്റ് സീറ്റ്’ ആണെന്ന ആരോപണത്തെ തുടർന്നാണ് സി.സി. മുകുന്ദനെ സിപിഐ പുറത്താക്കിയത്. തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി മുകുന്ദൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തൃശൂർ മുൻ ഡി.സി.സി പ്രസിഡന്റായ ജോസ് വള്ളൂരുമായും അദ്ദേഹം ചർച്ച നടത്തിയെങ്കിലും ആ കൂടിക്കാഴ്ചയെക്കുറിച്ച് ജോസ് വള്ളൂർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.
അതേസമയം, നാട്ടികയിലെ കോൺഗ്രസ് പ്രാദേശിക പ്രവർത്തകരിൽ മുകുന്ദനെതിരെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. സിപിഐ പുറത്താക്കിയ നേതാവിനെ പാർട്ടി പിന്തുണക്കേണ്ടതില്ലെന്ന നിലപാടായിരുന്നു പ്രാദേശിക നേതാക്കൾ എടുത്തത്. പാർട്ടി അച്ചടക്കം നിരന്തരം ലംഘിക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി മുകുന്ദനെതിരെ നടപടി എടുത്തത്.

