തിരുവനന്തപുരം: സംസ്ഥാനത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്നതിനിടെ ഇന്ന് പകലോടെ സ്ഥിതി കൂടുതൽ ഗുരുതരമാകാമെന്ന വിലയിരുത്തൽ. വിവിധ നഗരങ്ങളിൽ ഹോട്ടലുകൾ പ്രവർത്തനം നിർത്തിത്തുടങ്ങിയതോടെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഏകദേശം 10 ശതമാനം ഹോട്ടലുകൾ ഇതിനകം പൂർണമായി അടച്ചിട്ടതായി ഹോട്ടൽ ഉടമകൾ അറിയിച്ചു. പല സ്ഥാപനങ്ങളും ബദൽ സംവിധാനമായി വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്.
ഗാർഹിക ആവശ്യങ്ങളെയും പെട്രോൾ പമ്പുകളുടെ പ്രവർത്തനത്തെയും വൈകാതെ പ്രതിസന്ധി ബാധിക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. വിതരണത്തിൽ മുൻഗണനാക്രമം നിശ്ചയിച്ച് നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഗാർഹികേതര സിലിണ്ടറുകളുടെ ലഭ്യത വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്താകെ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട ആശങ്ക തുടരുന്നതിനിടെ നിലവിൽ വലിയ പ്രതിസന്ധിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എൽപിജിയുടെ ആഭ്യന്തര ഉൽപാദനം 28 ശതമാനം വർധിപ്പിച്ചതായും കേന്ദ്രം അറിയിച്ചു. എന്നാൽ പല സംസ്ഥാനങ്ങളിലും ഹോട്ടലുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഇതിനിടെ മധ്യപൂർവ്വേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഊർജ്ജ വിതരണവുമായി ബന്ധപ്പെട്ട ആശങ്കകൾ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനുമായി ടെലിഫോൺ സംഭാഷണം നടത്തി. സംഘർഷം തുടരുന്നതിലും സാധാരണക്കാരുടെ ജീവഹാനിയിലും ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ചരക്കുകളുടെ തടസ്സമില്ലാത്ത ഗതാഗതവും രാജ്യത്തിന് മുൻഗണനയാണെന്ന് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ എണ്ണക്കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നതിനായി ഇറാനുമായി ഇന്ത്യ ചർച്ചകൾ തുടരുകയാണെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു.

