Home Keralaവടക്കൻ പറവൂരിൽ പൊതുപ്രവർത്തകയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; പ്രശ്നങ്ങൾ തീർക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ചു

വടക്കൻ പറവൂരിൽ പൊതുപ്രവർത്തകയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; പ്രശ്നങ്ങൾ തീർക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ചു

by news_desk1
0 comments

കൊച്ചി: വടക്കൻ പറവൂരിൽ പൊതുപ്രവർത്തക പി. എസ്. സുരമ്യയെ സുഹൃത്ത് ഷിബിൻ കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്താണെന്ന് പൊലീസ്. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാമെന്ന് വിശ്വസിപ്പിച്ചാണ് പിറവത്ത് നിന്ന് സുരമ്യയെ ഷിബിൻ സ്വന്തം വാഹനത്തിൽ വടക്കേക്കര മുറവൻതുരുത്തിലെ വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സുരമ്യയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഷിബിൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊല്ലപ്പെട്ട സുരമ്യയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എടത്തല പഞ്ചായത്ത് ഏഴാം വാർഡിൽ ട്വന്റി 20 സ്ഥാനാർഥിയായിരുന്നു സുരമ്യ. ആറ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കുറച്ചുകാലമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബന്ധത്തിൽ നിന്ന് പിന്മാറാൻ സുരമ്യ തീരുമാനിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഷിബിന്റെ മൊഴി.

കൊടുങ്ങല്ലൂരിലേക്ക് പോകുന്നതിനായി സുരമ്യ ആലുവയിലെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. ഇതിനിടെ ഷിബിന്റെ ഫോൺവിളിയെ തുടർന്ന് സുരമ്യ പറവൂരിൽ ബസ് ഇറങ്ങി. തുടർന്ന് ഷിബിൻ ബൈക്കിൽ സുരമ്യയെ വടക്കേക്കര മുറവൻതുരുത്തിലുള്ള തന്റെ വീട്ടിലെത്തിച്ചു.

വീട്ടിലെത്തി ഇരുവരും സംസാരിക്കുന്നതിനിടെ ഷിബിൻ പെട്ടെന്ന് കറിക്കത്തി ഉപയോഗിച്ച് സുരമ്യയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You may also like