Home Top Storiesപാചകവാതക പ്രതിസന്ധി: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ശക്തമായ നടപടി; മണ്ണെണ്ണ വിഹിതം കൂട്ടുമെന്ന് മന്ത്രി ജി.ആർ അനിൽ

പാചകവാതക പ്രതിസന്ധി: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ശക്തമായ നടപടി; മണ്ണെണ്ണ വിഹിതം കൂട്ടുമെന്ന് മന്ത്രി ജി.ആർ അനിൽ

by news_desk
0 comments

തിരുവനന്തപുരം: പാചകവാതക വിതരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണ നടപടികൾക്ക് പിന്നാലെ സംസ്ഥാനത്ത് വിതരണത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചുചേർത്തതായും മന്ത്രി വ്യക്തമാക്കി.

ഗാർഹിക എൽപിജി സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് പൊതുമേഖല എണ്ണ കമ്പനികൾ അറിയിച്ചതായും ഇന്നുമുതൽ ബുക്കിംഗിനെ കുറിച്ചുള്ള അനിശ്ചിതത്വം ഒഴിവാകുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ഗാർഹികേതര (വാണിജ്യ) സിലിണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുൻഗണന പട്ടിക തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാനത്ത് മണ്ണെണ്ണയുടെ വിഹിതം വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഹോട്ടൽ-റസ്റ്റോറന്റ് മേഖലക്ക് എൽപിജിക്ക് പകരം ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങൾക്ക് അധികമായി മണ്ണെണ്ണ അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത നിയന്ത്രിച്ചതിനെ തുടർന്ന് ബദൽ സംവിധാനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബുക്ക് ചെയ്ത എൽപിജി സിലിണ്ടറുകൾ ലഭിക്കാൻ വൈകുന്നുവെന്ന പരാതികൾ ഉയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നടപടികൾ ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂവും ആരംഭിച്ചു.

പ്രതിസന്ധി മൂലം സംസ്ഥാനത്ത് നിരവധി ഹോട്ടലുകൾ പ്രവർത്തനം നിർത്തിയതായി ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചു. കേരളത്തിൽ ഏകദേശം 40 ശതമാനം ഹോട്ടലുകൾ അടഞ്ഞതായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മെനു ചുരുക്കിയും സമയക്രമം ക്രമീകരിച്ചും പ്രവർത്തിക്കുന്നതായും അവർ വ്യക്തമാക്കി. കൊച്ചിയിലടക്കം ചെറിയ ഭക്ഷണശാലകളും തട്ടുകടകളും പ്രതിസന്ധി നേരിടുകയാണ്.

ഗാർഹിക സിലിണ്ടർ ബുക്കിംഗിനുള്ള ഇടവേള ഗ്രാമീണ മേഖലയിൽ 45 ദിവസമായി വർധിപ്പിച്ചതായും നഗരങ്ങളിൽ ഇത് നേരത്തെ തന്നെ 25 ദിവസമാക്കിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഒരേസമയം കൂടുതൽ പേർ ഓൺലൈനായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനെ തുടർന്ന് സർവർ തകരാറുകൾ ഉണ്ടാകുന്നതാണ് ബുക്കിംഗ് വൈകുന്നതിനുള്ള പ്രധാന കാരണമെന്ന് വിതരണ ഏജൻസികൾ അറിയിച്ചു.

You may also like