Home Top Stories‘മോദി രാജ്യത്ത് നടപ്പാക്കുന്നത് സതീശൻ കേരളത്തിൽ നടപ്പാക്കുന്നു’; വാർത്തകൾ നീക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം

‘മോദി രാജ്യത്ത് നടപ്പാക്കുന്നത് സതീശൻ കേരളത്തിൽ നടപ്പാക്കുന്നു’; വാർത്തകൾ നീക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം

by news_desk1
0 comments

തിരുവനന്തപുരം: മെറ്റയെ ഉപയോഗിച്ച് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാർത്തകൾ നീക്കം ചെയ്യുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തനിക്കെതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതാണ് വി.ഡി. സതീശൻ സർക്കാരിന്റെ രീതിയെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. വി.ഡി. സതീശന് ധാർഷ്ട്യവും അഹങ്കാരവുമാണെന്നും അദ്ദേഹം വിമർശിച്ചു.

“എല്ലാ കാര്യത്തിലും ഒരു ബിജെപി ടച്ച് ഉണ്ട്. ഏത് വിവാദ വിഷയം പരിശോധിച്ചാലും ബിജെപിയെ സഹായിക്കുന്നുവെന്നതാണ് പ്രശ്നം. തനിക്കെതിരെ വരുന്ന വാർത്തകളെയും വാർത്ത നൽകുന്ന മാധ്യമങ്ങളെയും കൈകാര്യം ചെയ്യുന്നതാണ് വി.ഡി. സതീശന്റെ അജണ്ട. കേരളം പോലൊരു സംസ്ഥാനത്ത് അങ്ങനെ മാധ്യമങ്ങളെ കൈകാര്യം ചെയ്യാൻ കഴിയില്ല. ഇത് ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രശ്നമാണ്,” വി. ശിവൻകുട്ടി പറഞ്ഞു.

രാജ്യത്ത് നരേന്ദ്ര മോദി നടപ്പാക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് വി.ഡി. സതീശൻ കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് വി. ശിവദാസൻ എം.പി. ആരോപിച്ചു. ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങളുടെ വാർത്താ കാർഡുകൾ നീക്കം ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ബിജെപിയെയും ബിജെപിയോട് ചേർന്ന് നിൽക്കുന്നവരെയും ചേർത്തുനിർത്തി സമൂഹമാധ്യമങ്ങളിൽ ഇടപെടുന്ന ആളുകൾക്കെതിരെ വലിയ ഇടപെടലാണ് നടക്കുന്നത്. ജന്തർ മന്തർ സമരത്തിന് പിന്നാലെ വിദ്യാർഥികളുടേതുൾപ്പെടെയുള്ള സമൂഹമാധ്യമ പേജുകൾ പൂട്ടുകയും കേന്ദ്രത്തിനെതിരായ വാർത്തകൾ നീക്കുകയും ചെയ്തു.

മോദി രാജ്യത്താകെ നടപ്പാക്കാൻ ആഗ്രഹിക്കുന്നത് കേരളത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കാനുള്ള ശ്രമമാണ്. ഒരു കാരണവശാലും ഇത് അംഗീകരിക്കാനാകില്ല. അപകടകരമായ പോക്കാണിത്,” വി. ശിവദാസൻ എം.പി. പ്രതികരിച്ചു.

കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സി.പി.ഐയും വിമർശിച്ചു. സമൂഹമാധ്യമങ്ങളിൽ നിന്നുള്ള വാർത്താ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്കെതിരെയാണ് വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുന്നത്.

You may also like