Home Top Stories‘ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായ രണ്ടുപേരെയും അറിയാം; വാർത്ത നീക്കം ചെയ്യാൻ ഇടപെട്ടിട്ടില്ല’: മുഖ്യമന്ത്രി

‘ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായ രണ്ടുപേരെയും അറിയാം; വാർത്ത നീക്കം ചെയ്യാൻ ഇടപെട്ടിട്ടില്ല’: മുഖ്യമന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് രണ്ട് ലക്ഷം രൂപ അധിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പിഎംഎവൈ പദ്ധതി നഗരം 2 നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിപ്രകാരം നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിക്കില്ല. എന്നാൽ പദ്ധതിയുടെ എംബ്ലം സ്ഥാപിക്കണമെന്ന നിർദേശമുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2025-26 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശം പുറപ്പെടുവിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുനീക്കത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും ഓഗസ്റ്റ് 18ന് ആരംഭിക്കും. ഇതുവരെ തുറമുഖം കേന്ദ്രീകരിച്ച് ട്രാൻഷിപ്മെന്റ് മാത്രമാണ് നടന്നിരുന്നത്. തുറമുഖത്തിന്റെ ഗുണഫലങ്ങൾ നേരിട്ട് നാടിന് ലഭിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഖനന നിയമഭേദഗതി സംസ്ഥാനത്തെ ബാധിക്കുമെന്നും ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി അടുത്തയാഴ്ച യോഗം ചേരും. കുടുംബത്തെ സാധ്യമായ എല്ലാ രീതിയിലും സഹായിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

ലഹരിക്കേസിലെ അറസ്റ്റിനെക്കുറിച്ച്

കാസർകോട് ലഹരിക്കേസിൽ അറസ്റ്റിലായ രണ്ടുപേരെയും തനിക്ക് നേരിട്ട് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഹമ്മദ് ഹുസൈനെയും അബ്ദുൽ സലാമിനെയും അറിയാമെന്നും മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നവകേരള സദസ്സുമായി ബന്ധപ്പെട്ട ലാത്തിച്ചാർജിൽ മുഹമ്മദ് ഹുസൈന് ക്രൂരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ് കിടന്നപ്പോഴാണ് ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചതെന്നും പിന്നീട് അദ്ദേഹത്തിന്റെ പഞ്ചായത്തിൽ പരിപാടിക്ക് പോയപ്പോൾ എംഎൽഎയ്ക്കും ഭാരവാഹികൾക്കുമൊപ്പം വീട്ടിൽ പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനുശേഷം മൂന്നോ നാലോ തവണ നേരിൽ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

“അടികൊണ്ട പിള്ളേർ വരുമ്പോൾ ചേർത്തുനിർത്തും. അന്നൊന്നും ലഹരി സംബന്ധിച്ച കാര്യം അറിയില്ലായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് അറിഞ്ഞത്,” മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ഇവർ തന്റെ സോഷ്യൽ മീഡിയ ടീമിൽ ഉണ്ടായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഇപ്പോഴും തനിക്ക് സോഷ്യൽ മീഡിയ ടീം ഇല്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

വാർത്തകൾ നീക്കം ചെയ്തതിൽ ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

സോഷ്യൽ മീഡിയയിൽ നിന്ന് വാർത്തകൾ നീക്കം ചെയ്യാൻ താനോ തന്റെ ഓഫീസോ ഇടപെട്ടിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയിലെ വിഷയങ്ങളിൽ ഇടപെട്ടതിനെ അഭിനന്ദിച്ച് തിരുവനന്തപുരം ആർച്ച് ബിഷപ്പ് നടത്തിയ പ്രസംഗം പോലും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തതായി അദ്ദേഹം പറഞ്ഞു.

ഷിബു ബേബി ജോണും താനും ഗൗതം കൃഷ്ണയുടെ വീട്ടിൽ പോയതുമായി ബന്ധപ്പെട്ട വാർത്തയും തെലങ്കാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരുടെ വാർത്തകളും നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മെറ്റ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും താനോ തന്റെ ഓഫീസോ പറഞ്ഞതുകൊണ്ട് വാർത്തകൾ നീക്കം ചെയ്യാനുള്ള സ്വാധീനം തനിക്കുണ്ടോയെന്നും വി.ഡി. സതീശൻ ചോദിച്ചു.

വിഷയത്തിൽ പരാതി നൽകണമെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തന്റെ ഓഫീസിലെ ആരും മെറ്റയുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെറ്റയുടെ നയത്തിൽ വന്ന മാറ്റമാണോ വാർത്തകൾ പിൻവലിക്കുന്നതിന് കാരണമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്നെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് വേണമെങ്കിൽ കത്ത് നൽകാമെന്നും നീക്കം ചെയ്ത വാർത്താ കാർഡുകൾ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടാമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

You may also like