Home Top Storiesസതീശൻ സർക്കാരിന്റെ ആദ്യ രാഷ്ട്രീയ പരീക്ഷണം; 38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നാളെ

സതീശൻ സർക്കാരിന്റെ ആദ്യ രാഷ്ട്രീയ പരീക്ഷണം; 38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നാളെ

by news_desk1
0 comments

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പിന് നാളെ വോട്ടെടുപ്പ്. സംസ്ഥാനത്തെ 12 ജില്ലകളിലായി 38 തദ്ദേശ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉപതിരഞ്ഞെടുപ്പില്ല. സെപ്റ്റംബർ 28ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്; സെപ്റ്റംബർ 29ന് രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും.

പ്രാദേശിക വിഷയങ്ങൾക്കൊപ്പം പ്രിയദർശിനി പദ്ധതി, വൈദ്യുതി മുടക്കം തുടങ്ങിയ സംസ്ഥാനതല വിഷയങ്ങളും പ്രചാരണത്തിൽ ചർച്ചയായി. ഭരണത്തിലേറി മൂന്ന് മാസം പിന്നിടുന്ന സാഹചര്യത്തിൽ യു.ഡി.എഫിനും, നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ജനപിന്തുണ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന എൽ.ഡി.എഫിനും ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയപ്രാധാന്യമുള്ളതാണ്.

38 വാർഡുകളിൽ നിലവിലെ കണക്കനുസരിച്ച് 22 എണ്ണം യു.ഡി.എഫിന്റെയും 15 എണ്ണം എൽ.ഡി.എഫിന്റെയും സിറ്റിങ് സീറ്റുകളാണ്. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് ട്വന്റി20 അംഗം രാജിവച്ചതിനെ തുടർന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിനെ തുടർന്ന് അംഗങ്ങൾ രാജിവച്ചതിലൂടെ ഒഴിവുവന്ന എട്ട് വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവയിൽ ഏഴെണ്ണം യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്.

പലയിടത്തും ബി.ജെ.പിയും മത്സരത്തിൽ നിർണായക സാന്നിധ്യമാണ്. 38 വാർഡുകളിലായി 126 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 385 പോളിങ് സ്റ്റേഷനുകളിലായി 3,09,713 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും.

You may also like