Home Top Storiesവെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് ജി സുധാകരൻ; എൻഎസ്എസ് ആസ്ഥാനത്തും കൂടിക്കാഴ്ചയ്ക്ക് നീക്കം

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് ജി സുധാകരൻ; എൻഎസ്എസ് ആസ്ഥാനത്തും കൂടിക്കാഴ്ചയ്ക്ക് നീക്കം

by news_desk
0 comments

അമ്പലപ്പുഴ. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നതിനിടെ മുൻ മന്ത്രി ജി. സുധാകരൻ സമുദായ നേതാക്കളുമായി കൂടിക്കാഴ്ചകൾ ആരംഭിച്ചു. യുഡിഎഫ് പിന്തുണ ലഭിക്കാനുള്ള സാധ്യത ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹം ഗൃഹസന്ദർശനങ്ങളിലൂടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം തുടങ്ങിയത്.

ഇതിന്റെ ഭാഗമായി ജി. സുധാകരൻ രാവിലെ കണിച്ചുകുളങ്ങരയിലെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. തുടർന്ന് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് അദ്ദേഹം യാത്രതിരിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്താനാണ് സാധ്യതയെന്നാണ് സൂചന.

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ജി. സുധാകരന് യുഡിഎഫ് പിന്തുണ നൽകുന്നതിൽ ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. കോൺഗ്രസിനോട് മന്ത്രി സ്ഥാനമോ മറ്റ് പദവികളോ സംബന്ധിച്ച് യാതൊരു ഉപാധിയും അദ്ദേഹം മുന്നോട്ടുവച്ചിട്ടില്ലെന്ന് നേതാക്കൾ അറിയിച്ചു.

ഇതിനിടെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലുമായി ജി. സുധാകരൻ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സുധാകരന്റെ നിലപാട് വ്യക്തമായതിന് ശേഷമേ പിന്തുണ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂവെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നത്.

അമ്പലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എച്ച്. സലാം മത്സരിക്കുന്ന സാഹചര്യത്തിൽ മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് വേദിയൊരുങ്ങുകയാണ്. എച്ച്. സലാമിനെ തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് നീക്കങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

You may also like