ഗാന്ധിനഗർ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനിടെ ഇന്ത്യൻ എൽപിജി കപ്പലായ ‘നന്ദാദേവി’ സുരക്ഷിതമായി ഗുജറാത്ത് തീരത്തെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വഹിച്ചാണ് കപ്പൽ ഇന്ത്യയിലെത്തിയത്. ഇതോടെ രാജ്യത്ത് നിലനിന്നിരുന്ന എൽപിജി ക്ഷാമ ആശങ്കയ്ക്ക് ആശ്വാസമായി.
ഇതിനുമുമ്പ് ‘ശിവാലിക്’ എന്ന മറ്റൊരു ഗ്യാസ് കപ്പലും ഇന്ത്യയിൽ എത്തിയിരുന്നു. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രാലയവും നടത്തിയ പ്രത്യേക ഇടപെടലുകളിലൂടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
അതീവ സുരക്ഷാ ഭീഷണി നിലനിന്നിരുന്ന ഹോർമുസ് കടലിടുക്ക് കടക്കുന്നതിനിടെ ഇന്ത്യൻ, ഇറാനിയൻ നാവികസേനകൾ കപ്പലുകൾക്ക് ആവശ്യമായ സുരക്ഷയും സഹായവും നൽകിയിരുന്നു. ലോകത്തിലെ പ്രധാന സമുദ്ര വ്യാപാരപാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതിനെ തുടർന്ന് ആഗോള കപ്പൽഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ നയതന്ത്ര നീക്കം.
യുദ്ധസാഹചര്യം ശക്തമായതോടെ ആഗോളതലത്തിൽ ഇന്ധനവില 40 മുതൽ 50 ശതമാനം വരെ ഉയർന്നിരുന്നു. അമേരിക്ക, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങളുടെ കപ്പലുകൾക്ക് വിലക്ക് തുടരുന്നതിനിടെയാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക അനുമതി ലഭിച്ചത്.
ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇതുസംബന്ധിച്ച ധാരണ രൂപപ്പെട്ടത്.

