തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസ നേർന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് കമൽഹാസൻ തന്റെ പിന്തുണയും ആശംസകളും അറിയിച്ചത്.
“നമുക്ക് ശരിയായ തീരുമാനം എടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും” എന്നാണ് കമൽഹാസൻ കുറിച്ചത്. കേരളം തന്റേതുമായ സംസ്ഥാനമാണെന്നും ചിലർ തന്നെ പുറംനാട്ടുകാരനായി കാണിച്ചാലും കേരളത്തോടുള്ള വൈകാരികബന്ധം എന്നും നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു ദശകത്തെ ഭരണത്തെക്കുറിച്ച് ആലോചിച്ച് ശരിയായ തീരുമാനം എടുക്കണമെന്ന് ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
ഇതിനിടെ കമൽഹാസന്റെ ആശംസയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ ആശംസകൾക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച മുഖ്യമന്ത്രി, കമൽഹാസൻ കേരളത്തിന് ഒരിക്കലും അന്യനല്ലെന്നും വ്യക്തമാക്കി.
“കേരളം ഞങ്ങളുടേതുപോലെ തന്നെ നിങ്ങളുടേതുമാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മണ്ണിൽ ആരും അന്യരല്ല. ജനക്ഷേമത്തിലും യഥാർത്ഥ വികസനത്തിലും ഉറച്ചുനിന്ന് മുന്നോട്ട് പോകും. ഒരുമിച്ച് പുരോഗമന മനോഭാവം നിലനിർത്താം. കേരളം തീർച്ചയായും വിജയിക്കും,” എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

