Home Top Storiesനാട്ടികയിൽ സി.സി. മുകുന്ദനെ കൈവിട്ട് കോൺഗ്രസ്; സുനിൽ ലാലൂർ സ്ഥാനാർത്ഥി

നാട്ടികയിൽ സി.സി. മുകുന്ദനെ കൈവിട്ട് കോൺഗ്രസ്; സുനിൽ ലാലൂർ സ്ഥാനാർത്ഥി

by news_desk
0 comments

തൃശൂർ: നാട്ടിക നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദൻ എംഎൽഎയ്ക്ക് കോൺഗ്രസ് പിന്തുണ ലഭിക്കില്ലെന്ന് സൂചന. മണ്ഡലത്തിൽ സുനിൽ ലാലൂരിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി നേതൃത്വം നീക്കം നടത്തുന്നത്. ഇതോടെ മുകുന്ദനുമായി കോൺഗ്രസ് നടത്തിയിരുന്ന ചർച്ചകൾ പരാജയപ്പെട്ടതായി വിലയിരുത്തപ്പെടുന്നു.

ഗീതാ ഗോപിക്കെതിരായ പേയ്മെന്റ് സീറ്റ് വിവാദത്തെ തുടർന്ന് സി.പി.ഐ മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും കോൺഗ്രസ് പിന്തുണ ലഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മുകുന്ദൻ ഡൽഹിയിലെത്തി കോൺഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളുമായി മുകുന്ദൻ ചർച്ച നടത്തിയതായി അറിയുന്നു. പിന്നാലെ തൃശൂർ മുൻ ഡി.സി.സി പ്രസിഡന്റായ ജോസ് വള്ളൂർ മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയത്തിൽ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

അതേസമയം, നാട്ടികയിലെ കോൺഗ്രസ് പ്രാദേശിക പ്രവർത്തകരിൽ മുകുന്ദനെതിരെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നാരോപിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റി മുകുന്ദനെതിരെ നേരത്തേ നടപടിയെടുത്തിരുന്നു. നിലവിലെ സാഹചര്യത്തിൽ സുനിൽ ലാലൂരിനെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതയാണ് ശക്തമാകുന്നത്.

You may also like