കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷന്റെ കീഴിലുള്ള പഴയ കെട്ടിടം തകർന്ന് നാലു തൊഴിലാളികൾ മരിക്കാനിടയായ സംഭവം ദാരുണമാണ്. സിസ്റ്റത്തിന്റെ പരാജയത്തിന് വീണ്ടും നാല് രക്തസാക്ഷികൾ കൂടി. സംസ്ഥാനത്താകെയും ഇത്തരം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ നിരവധിയുണ്ട്. പൊളിച്ചുമാറ്റാൻ കോടതികൾ നിർദ്ദേശിച്ചവ പോലും മുഖംമിനുക്കി ഉദ്യോഗസ്ഥരുടെയും ഭരണ സ്വാധീനത്താലും നിൽക്കുന്നുണ്ട്. ഈ അനാസ്ഥയാണ് നാല് തൊഴിലാളി സഹോദരങ്ങളുടെ മരണത്തിന് കാരണമായത്. മാറുന്ന കാലത്തിനനുസരിച്ച് പുതിയ മാറ്റങ്ങളും പ്രവർത്തന രീതികളും എല്ലാ മേഖലകളിലും കൊണ്ടുവരാൻ സർക്കാർ നേരിട്ടും അല്ലാതെയും ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും പഴകിയതും ദ്രവിച്ചതുമായ പ്രാചീന ശീലങ്ങളുടെയും പാരമ്പര്യ രീതികളെയും പിൻപറ്റിക്കൊണ്ട് ഒരുപറ്റം ആളുകൾ സർക്കാർ സംവിധാനങ്ങളിലിരുന്ന് നമ്മുടെ നാടിനെ ഇപ്പോഴും ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നുണ്ട്. അടിക്കടി ഉണ്ടാക്കുന്ന ഇത്തരം മനുഷ്യനിർമ്മിത ദുരന്തങ്ങളുടെ ഉത്തരവാദിത്വം ആ ആളുകൾക്കാണ് ഉള്ളത്.
വീടുപണിയാനും മറ്റു കെട്ടിടങ്ങൾ പണിയാനും കർശനമായ നിയമാവലികളും രേഖകളുടെയും മറ്റും നൂൽക്കെട്ടുകൾ കൊണ്ട് മുന്നിൽ വരുന്നവനെ വെള്ളം കുടിപ്പിക്കുന്ന അധികാരി വർഗ്ഗം എന്തുകൊണ്ടാണ് മൂക്കിൻ തുമ്പത്ത് നടക്കുന്ന ഈ അനാസ്ഥ കണ്ടില്ലെന്ന് നടിക്കുന്നത്. 50 വർഷമായി കോർപ്പറേഷൻ ഭരണം കയ്യാളുന്നവർക്ക് വലിയങ്ങാടി ദുരന്തത്തിന്റെ പാപഭാരം ഏറ്റെടുക്കാൻ ബാധ്യസ്ഥരാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി ലഘൂകരിക്കാൻ ആവില്ല. പോയ വർഷം തന്നെ തൃശൂരിലും പത്തനംതിട്ടയിലും സംസ്ഥാനത്തിന്റെ നാന ദിക്കുകളിലും ചെറുതും വലുതുമായ കെട്ടിടങ്ങൾ പല വിഭാഗങ്ങളിൽ പെട്ടവർ പൊളിഞ്ഞു വീണിട്ടുണ്ട്. അപ്പോഴെല്ലാം വിശദമായ നടപടിയെടുക്കാം എന്നുള്ള കേവലമായ നടപടിക്രമങ്ങളിൽ ഒതുക്കി നിർത്തിയതിന്റെ ഫലമാണ് ഇപ്പോൾ നിരപരാധികൾ അനുഭവിക്കുന്നത്. ലോകത്തിനു മുഴുവൻ മാതൃകയായ കേരള മോഡൽ ഇതാണോ എന്ന് അത്ഭുതത്തോടുകൂടി ആശ്ചര്യത്തോടുകൂടി സമസ്ത മേഖലകളിലും ഉള്ള മനുഷ്യർ ചോദിക്കുന്നുണ്ട്. പ്രകൃതിക്ഷോഭങ്ങളെയും മഹാമാരിയെയും അതിജീവിച്ച നവ കേരളത്തിന് തറക്കലിടുന്നത് സർക്കാർ സ്പോൺസേർഡ് ദുരന്തങ്ങളിൽ മരണപ്പെട്ടവരുടെ ശവകുടീരങ്ങൾക്കു മുകളിലാണോ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലും അടിയന്തരമായി കെട്ടിടങ്ങളുടെ കാര്യക്ഷമത പരിശോധിക്കാൻ തയ്യാറാകണം. ഏത് തരത്തിലുള്ള മാനദണ്ഡങ്ങളുടെ ലംഘലം നടന്നിട്ടുണ്ടെങ്കിലും യാതൊരുവിധ മറുപടികൾക്കും കാത്തുനിൽക്കാതെ ഉടൻതന്നെ കെട്ടിട ഉടമയുടെ ലൈസൻസും കെട്ടിടത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള പെർമിറ്റും റദ്ദാക്കാൻ തയ്യാറാകണം. ഇനിയും വിലപ്പെട്ട മനുഷ്യജീവികൾ നമുക്ക് നഷ്ടപ്പെട്ടുകൂടാ. ജോലി ചെയ്യാൻ വീട്ടിൽ നിന്നിറങ്ങിപ്പോയ മനുഷ്യർ ജഡമായി തിരിച്ചുവരുന്നത് കാണേണ്ടിവരുന്ന കുടുംബങ്ങളുടെ മാനസികാവസ്ഥ സർക്കാർ ഓർക്കുന്നത് നന്നായിരിക്കും. മനുഷ്യത്വമുള്ള ഭരണാധികാരികളും അഡ്മിനിസ്ട്രേറ്റീവ് വിഭാഗവും ഉണ്ടെങ്കിൽ മാത്രമേ നാട് ശാന്തിയുടെയും സമാധാനത്തിന്റെയും പര്യായമായി മാറുകയുള്ളൂ. ടൂറിസം വകുപ്പിന്റെ ടാഗ് ലൈനായി മാത്രം ദൈവത്തിൻറെ സ്വന്തം നാട് എന്ന പേര് വിളിച്ചു പറഞ്ഞാൽ പോരാ അത് എല്ലാ രീതിയിലും മലയാളികൾക്ക് അന്വർത്ഥമായി അനുഭവപ്പെടണം. വലിയങ്ങാടി അപകടത്തിന്റെ മുഴുവൻ കുറ്റവാളികൾക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും വിശദമായ അന്വേഷണം നടത്തുകയും വേണം. കൂടാതെ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം.
