Home Editorialനീതി അടുത്ത്… പക്ഷേ പൂര്‍ത്തിയാകേണ്ട യാത്ര

നീതി അടുത്ത്… പക്ഷേ പൂര്‍ത്തിയാകേണ്ട യാത്ര

by news_desk1
0 comments



മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഡോ. വന്ദനാദാസിൻ്റെ കൊലപാതകത്തിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന കോടതി വിധി വന്നിരിക്കുകയാണ്. പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത് നിയമനടപടികളുടെ ഒരു നിർണായക ഘട്ടമാണ്. വ്യാഴാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കാനിരിക്കെ, സമൂഹം മുഴുവൻ കണ്ണൂറ്റി നിൽക്കുന്നത് ഒരു കേസിന്റെ വിധിയിലേക്ക് മാത്രമല്ല- നീതി, സുരക്ഷ എന്നീ മൂല്യങ്ങളുടെ ഭാവിയിലേക്കാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ. വന്ദനാ കുത്തേറ്റ് മരിക്കുന്നത്. 2023 മെയ് 10 ന് പുലർച്ചെയാണ് ദാരുണമായ ഈ സംഭവം അരങ്ങേറുന്നത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന് ശേഷം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ശക്തമാക്കാൻ നിയമഭേദഗതികൾ വരെ സംസ്ഥാന സർക്കാർ നടപ്പിലാക്കി. ഒരു ഡോക്ടർ- ജീവൻ രക്ഷിക്കാൻ പ്രതിജ്ഞ എടുത്ത ഒരാൾ-സേവനത്തിനിടയിൽ തന്നെ ക്രൂരമായി കൊല്ലപ്പെടേണ്ടി വന്നത് സമൂഹത്തിന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്ന സംഭവമാണ്. ഇത് ഒരു വ്യക്തിയുടെ നഷ്ടം മാത്രമല്ല; ആരോഗ്യരംഗത്തിന്റെ സുരക്ഷയും പൊതുസമൂഹത്തിന്റെ ബോധവുമെല്ലാം പരീക്ഷിക്കപ്പെട്ട ഒരു ദൗർഭാഗ്യകരമായ സംഭവമാണ്. കോടതി കുറ്റം തെളിയിച്ചിരിക്കുന്നത് നിയമത്തിന്റെ ശക്തി തെളിയിക്കുന്നതും, കുറ്റകൃത്യങ്ങൾക്കു മുൻപിൽ നീതി ഒടുവിൽ നിലനിൽക്കുമെന്ന സന്ദേശവുമാണ്. എന്നാൽ, ശിക്ഷാവിധി മാത്രം ഈ സംഭവത്തിന്റെ പൂർണ്ണമായ പരിഹാരമല്ല. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സംവിധാനപരമായ മാറ്റങ്ങളും ശക്തമായ പ്രതിരോധ സംവിധാനങ്ങളും നിർബന്ധമാണ്. ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴി തുറന്ന വന്ദനാ കൊലപാതകത്തിനു ശേഷം ആരോഗ്യപ്രവർത്തകർക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ ഏറെ ഗൗരവത്തോടെയാണ് ഭരണകൂടവും നിയമസംവിധാനങ്ങളും കാണുന്നത്.

എങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി പ്രതികൾ ശിക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാരും ആദ്യന്തരവകുപ്പും ഒട്ടും കാര്യക്ഷമമല്ല. കൊലപാതകം നടന്ന് 2 വർഷവും 10 മാസവും 7 ദിവസവും കഴിഞ്ഞാണ് വന്ദനാ കേസിലെ പ്രതിയ്ക്ക് ശിക്ഷ ലഭിക്കാൻ പോകുന്നത് എന്നത് തന്നെ അതിൻ്റെ ഉദാഹരണമാണ്. രാജ്യത്തെ എന്നല്ല ലോകത്തെ തന്നെ അതീവ സുരക്ഷ മേഖലകളിൽ ഒന്നാണ് ആശുപത്രികൾ അവിടം പോലും സുരക്ഷിതമല്ലാത്ത സ്ഥിതി വന്നാൽ എന്താകും സ്ഥിതി. ജനങ്ങൾക്ക് സമ്പൂർണ്ണമായ അരക്ഷിതാവസ്ഥ പ്രകടമായി തുടങ്ങിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളും വലുതാണ്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിരന്തരം ശബ്ദിക്കുകയും കാലാനുസൃതമായി മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും അത് എല്ലാം വെറും കടലാസുകൾ മാത്രമായി ഒതുങ്ങുന്നു.

കോടികൾ ചെലവാക്കിയുള്ള നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന അത്തരം തട്ടിപ്പുകൾ ഇനിയെങ്കിലും നിർത്താൻ അധികാരി വർഗ്ഗം തയ്യാറാവണം. പകരം ശക്തമായ മേൽനോട്ടത്തിൽ കുറ്റകൃതങ്ങൾ സമയ ബന്ധിതമായി തെളിയിച്ച് അർഹമായ ശിക്ഷ പ്രതികൾ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകണം. ജീവൻ രക്ഷിക്കുന്ന കാവാൽ മാലാഖമാർ എന്നാണ് പൊതുവെ ആരോഗ്യ പ്രവർത്തകരെ വിശേഷിപ്പിക്കുന്നത്. അവരുടെ കഴുത്തിലേക്ക് തന്നെ കൊലക്കത്തി വരാനുള്ള സാഹചര്യം ഇനിയൊരിക്കലും ഉണ്ടാവരുത്. ആരോഗ്യ പ്രവർത്തകർ സുരക്ഷിതരാകാത്ത സമൂഹം പുരോഗമനത്തിന്റെ അവകാശം അവകാശപ്പെടാൻ കഴിയില്ല.

ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ സംരക്ഷിത മേഖലകൾ ആയി ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. ഈ കേസിൽ ശിക്ഷാവിധി കടുത്തതും മാതൃകാപരവുമായിരിക്കണം-അതിലൂടെ നിയമം ഭയപ്പെടേണ്ടതാണെന്ന വ്യക്തമായ സന്ദേശം സമൂഹത്തിലേക്ക് എത്തണം. എന്നാൽ അതിലും പ്രധാനമായി, ഇത്തരം ദുരന്തങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ നീതി പ്രതിരോധമായി മാറണം. കൂടാതെ കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ തകർച്ചയും ഈ രംഗത്തിന്റെ മറ്റൊരു വെല്ലുവിളിയാണ്. രോഗികൾക്കും ജീവനക്കാർക്കും ഒരുപോലെ പ്രതിസന്ധിയും ആശങ്കയുമാണ് ആരോഗ്യ മേഖല. അപമാനകരവും ആപത്കരവുമായ തൽസ്ഥിതി മാറണം മാറ്റണം.

You may also like