Editorial

പരീക്ഷയുടെ പവിത്രത കളങ്കപ്പെടുത്തരുത്

ദീർഘമായ ഒരിടവേളയ്ക്കുശേഷം കേരളത്തിൽ വീണ്ടും പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദം ആളിക്കത്തുകയാണ്. വിദ്യാർഥികളുടെ രാപകൽ ഭേദമില്ലാത്ത കഷ്ടപ്പാടിനും മാനസിക അധ്വാനത്തിനും പുല്ലു വില കൽപ്പിച്ചുകൊണ്ട് സ്വകാര്യ ലോബിക്ക് ചോദ്യപേപ്പർ ചോർത്തി കൊടുക്കുന്ന വ്യക്തികൾ കൊലപാതകത്തിന് തുല്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ കോഴിക്കോട് കൊടുവള്ളി എം.എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിന് ചോർത്തി നൽകിയ സ്കൂൾ പ്യൂണിനെതിരെ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കേണ്ടതാണ്.
വിദ്യഭ്യാസ മേഖല പുതിയ കാലഘട്ടത്തിൽ അനവധി നിരവധി പ്രതിസന്ധികളിലൂടെയാണ് ദേശീയ അന്തർദേശീയ സംസ്ഥാനതലത്തിലും കടന്നുപോകുന്നത്. ക്യാമ്പസുകൾ ലഹരിയുടെയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെയും ചൂതാട്ട കേന്ദ്രങ്ങളായി മാറുന്നു. വിദ്യാർത്ഥികളിൽ സഹജീവി സ്നേഹവും അനുകമ്പയും ആർദ്രതയും സാഹോദര്യവും പരിപൂർണ്ണമായി തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്നതും അനാദികാലത്തേക്ക് ദുഃഖിപ്പിക്കുന്നതുമായ സംഭവങ്ങൾക്ക് നാം സാക്ഷിയാണ്. അത്രമേൽ ആശങ്കാജനകവും നിരാശാഭരിതവുമായ സാഹചര്യത്തിൽ വിദ്യാർത്ഥി സമൂഹത്തിന്റെ ഭാവിയെ വ്യക്തിപരമായ താല്പര്യങ്ങൾക്ക് വേണ്ടി ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ മനസ്സാക്ഷിയുള്ള ഏതൊരാളുടെ മനസ്സിലും കുറ്റവാളിയാണ്.
എല്ലാത്തരത്തിലും പുരോഗതിയുടെ വെള്ളിവെളിച്ചത്തിൽ മുന്നോട്ടു നീങ്ങുമ്പോഴും ചെറിയ മനസ്സും ചെറിയ ലോകവുമായി ഇന്നും ജീവിക്കുന്നവർ ഉണ്ട് എന്നുള്ളത് അത്ഭുതമുളവാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് സംസ്ഥാനത്തുനിന്ന് അനിയന്ത്രിതമായി വിദ്യാർഥികളുടെ കുത്തൊഴുക്ക് പുറം രാജ്യങ്ങളിലേക്ക് നിലക്കാതെ പ്രവഹിക്കുന്നതിന് തടയാനാവുക. അവരുടെ ഭാവി ജീവിതത്തിനും സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും എന്ത് ഗ്യാരണ്ടിയാണ് സാക്ഷരതയുടെ പരകോടിയിൽ നിൽക്കുന്ന കേരളത്തിന് നൽകാനാവുക.
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വാക്കുകൾ അങ്ങേയറ്റം ശ്രദ്ധേയവും ഗൗരവതരവുമാണ്. ചെറിയതും വലുതുമായ ഒട്ടനവധി മത്സര പരീക്ഷകൾ ഉൾപ്പെടെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന, പ്രവർത്തിക്കുന്ന, പഠിക്കുന്ന എണ്ണമറ്റ വിദ്യാർത്ഥി സമൂഹത്തിന്റെ മനസ്സിൽ കരിനിഴൽ വീഴ്ത്തുന്ന, പരീക്ഷകളുടെ പവിത്രതയ്ക്ക് കളങ്കം ഏൽപ്പിക്കുന്ന ഏതു വ്യക്തികളെയും നാടിന്റെ പൊതു ഇടങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തി. വിദ്യാർഥികളുടെ ഭാവിക്കും അവരുടെ യാത്രകൾക്കും സമൂഹം ഒരേ മനസ്സോടെ ഒരേ വികാരത്തോടെ ഒരേ ചിന്തയോടെ കാവൽ നിൽക്കണം. ഒരിക്കലും അണഞ്ഞു പോവാത്ത കെടാവിളക്കിലെ ഒറ്റത്തിരി നാളമായി നമ്മുടെ വിദ്യാർഥി സമൂഹം നന്മയുടെയും സ്നേഹത്തിന്റെയും നിറദീപങ്ങൾ ആയി ലോകത്തിനു മുന്നിൽ പ്രകാശം പരത്തട്ടെ.

error: