രോഹിത് തന്നെ ക്യാപ്റ്റൻ..!2027 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ
ഏകദിന ലോകകപ്പ് 2023 കിരീടം നേരിയ വ്യത്യാസത്തിനാണ് ഇന്ത്യയിൽ നിന്ന് വഴുതിപ്പോയത്. പിന്നീട് 2024ൽ ടി20 ലോകകപ്പും 2025ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയും നേടി ഇന്ത്യ തിരിച്ചടിച്ചു. ഈ വിജയങ്ങൾ ഇന്ത്യക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഏകദിനത്തിൽ ഇനി ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യം 2027 ലോകകപ്പാണ്.
ടി20 ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമ 2027 ഏകദിന ലോകകപ്പിലും ഇന്ത്യയെ നയിക്കാനുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, സൂപ്പർ താരം വിരാട് കോഹ്ലിയും രോഹിതിന് കൂട്ടായുണ്ടാവും. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇരുവരും വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, കുറച്ചുകാലം കൂടി കളിക്കളത്തിൽ സജീവമായി തുടരുമെന്ന് ഇരുവരും പ്രഖ്യാപിച്ചുകഴിഞ്ഞു.
ചാമ്പ്യൻസ് ട്രോഫിയിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യ കപ്പ് ഉയർത്തുന്നത്. ആദ്യമായാണ് ഒരു രാജ്യം മൂന്ന് തവണ ഈ നേട്ടം കൈവരിക്കുന്നത്. ഇത്തവണ ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി. 2027ലെ ലോകകപ്പ് ദക്ഷിണാഫ്രിക്കയിലും നമീബിയയിലുമാണ് നടക്കുന്നത്. ഇവിടുത്തെ പിച്ചുകളിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ, ഏറ്റവും മികച്ച 15 അംഗ സംഘത്തെ ഇന്ത്യക്ക് അണിനിരത്തേണ്ടതുണ്ട്.
രോഹിത് ശർമയ്ക്ക് ഇന്ത്യയെ ഏകദിന ലോകകപ്പിൽ ചാമ്പ്യൻമാരാക്കാൻ സാധിച്ചിട്ടില്ല. 2023ൽ ഇതിന് അടുത്തെത്തിയിട്ടും നേരിയ വ്യത്യാസത്തിൽ നഷ്ടമായി. 2027 രോഹിതിനുള്ള അവസാന അവസരമായിരിക്കും. അത് ഉപയോഗപ്പെടുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകൾ. ലോകകപ്പ് വിജയത്തോടെ വിരാട് കോഹ്ലി ഏകദിന കരിയർ മികച്ച നിലയിൽ അവസാനിപ്പിക്കാനും ശ്രമിക്കും.
ശുഭ്മാൻ ഗിൽ തന്നെ ആയിരിക്കും വൈസ് ക്യാപ്റ്റൻ. യശസ്വി ജയ്സ്വാൾ റിസർവ് ഓപണറായി ടീമിൽ ഇടം നേടും. കോഹ്ലിക്ക് പിന്നിൽ നാലാം സ്ഥാനത്ത് ശ്രേയസ് അയ്യർ സ്ഥാനം ഉറപ്പിക്കും. വിക്കറ്റ് കീപ്പർമാർക്കുള്ള രണ്ട് സ്ഥാനങ്ങളിൽ കെഎൽ രാഹുലും ഋഷഭ് പന്തും തന്നെയാവും.
അതേസമയം, രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും 2027 ലോകകപ്പ് ടീമിൽ ഉണ്ടാവാനിടയില്ല. ടെസ്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ രവീന്ദ്ര ജഡേജ അത്രയും കാലം ഏകദിനങ്ങളിൽ കളിക്കാൻ സാധ്യതയില്ല. ഫിറ്റ്നസ് പ്രശ്നങ്ങളും യുവ പേസർമാരുടെ വരവും മുഹമ്മദ് ഷമിക്ക് ദേശീയ ടീമിൽ ദീർഘകാലം തുടരുന്നതിന് തടസമായേക്കും.
രണ്ട് സ്പിൻ ഓൾറൗണ്ടർമാരായി അക്സർ പട്ടേലും വാഷിങ്ടൺ സുന്ദറുമുണ്ടാവും. വരുൺ ചക്രവർത്തിയും കുൽദീപ് യാദവുമാണ് മറ്റ് രണ്ട് സ്പിന്നർമാർ. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങാൻ കഴിയുന്ന ഹാർദിക് പാണ്ഡ്യ ടീമിലെ നിർണായക സാന്നിധ്യമായി തുടരും.
ദക്ഷിണാഫ്രിക്കയിലെയും നമീബിയയിലെയും പേസ് അനുകൂല സാഹചര്യങ്ങൾ മുതലെടുക്കാൻ കരുത്തുറ്റ ഫാസ്റ്റ് ബൗളിങ് നിര വേണ്ടിവരും.
ജസ്പ്രീത് ബുംറ ആക്രമണം നയിക്കും. ഹർഷിത് റാണയും അർഷ്ദീപ് സിങും ആയിരിക്കും സഹായികൾ. മായങ്ക് യാദവ് പരിക്കുകളില്ലാതെ തുടരുകയാണെങ്കിൽ, അദ്ദേഹത്തിന്റെ വേഗത കണക്കിലെടുത്ത് ടീമിൽ പരിഗണിച്ചേക്കാം. അദ്ദേഹം ഫിറ്റല്ലെങ്കിൽ, പരിചയസമ്പന്നനായ മുഹമ്മദ് സിറാജിനായിരിക്കും സാധ്യത.
2027 ഏകദിന ലോകകപ്പിൽ പ്രതീക്ഷിക്കുന്ന ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, മായങ്ക് യാദവ്/മുഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.