Editorial

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി

പ്രിയപ്പെട്ട സുനിതാ വില്യംസ്, 2024 ജൂൺ 5ന് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷകളുടെ പേടകത്തിൽ 8 ദിവസത്തെ യാത്രയ്ക്ക് നിങ്ങൾ തിരിക്കുമ്പോൾ ഒരു പുതുമയോടെയാണ് ആ യാത്രയെ ലോകവും രാജ്യവും നോക്കി കണ്ടത്. സാങ്കേതിക തകരാറ് സംഭവിച്ച് നിങ്ങൾ രണ്ടുപേർക്കും അതായത് സുനിതയ്ക്കും ബുച്ചിനും ബഹിരാകാശ നിലയത്തിൽ തുടരേണ്ടി വന്നപ്പോൾ മുതൽ തിരികെ വരുമെന്ന വാർത്തയ്ക്കായി കാത്തിരുന്നത് ജനകോടികളാണ്. അവരുടെ പ്രാർത്ഥനയ്ക്കും പ്രതീക്ഷകൾക്കും പുതിയൊരു ഊർജ്ജവും സന്തോഷവും പകർന്നു കൊണ്ടാണ് ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 10 35ന് ഹാച്ചിംങ് പൂർത്തിയാക്കി. ഒമ്പത് മാസത്തോളം ജീവനും ജീവിതവും രക്തവുമൊക്കെയായി താമസിച്ചിരുന്ന ബഹിരാകാശ നിലയവുമായി സമ്പൂർണ്ണമായ വേർപിരിയലിന്റെ വേർപ്പെടുത്തലിന്റെ അതി നിർണായകമായ അൺഡോക്കിങ് കൂടി പൂർത്തിയാക്കി, ഉയിരും ഉടലും ഒന്നാക്കി സൃഷ്ടിച്ച ഭൂമിയിലേക്കുള്ള യാത്ര, ലോകമാകെ കണ്ണും കാതും ഈ വിവരങ്ങളിൽ മാത്രമായിരുന്നു ഇന്നലെ മുഴുവനും. പേടകം വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് രേഖ പ്രവേശനം ചെയ്യുന്നത് വരെ നെഞ്ചിടിപ്പും ആഹ്ളാദവും അഭിമാനവും നിറഞ്ഞ നിമിഷങ്ങൾ. മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സുനിതാ വില്യംസിനെയും ബുച്ച് വിൽമോറിനെയും നിക്ക് ഹേഗ്, അലക്സാണ്ടർ ബനോവ് എന്നിവരെയും വഹിച്ചു കൊണ്ടുള്ള ഡ്രാഗൺ പേടകം ഭൂമിയിലെത്തി. ശാസ്ത്ര ലോകത്തെ വൻ മാറ്റങ്ങളുടെയും നവ പദ്ധതികളുടെയും ഹരിശ്രീ കുറിക്കലായിരുന്നു ബോയിങ്ങിൻ്റെ സ്റ്റാർ ലൈനർ പേടകത്തിൽ മനുഷ്യനെ വഹിച്ചുള്ള ആദ്യ പരീക്ഷണത്തിൻ്റെ ഭാഗമായുള്ള സുനിതയുടെ ബുച്ചിൻ്റെയും യാത്ര. മടങ്ങിവരവിനായി പദ്ധതി തയ്യാറാക്കുന്നതുവരെ ബഹിരാകാശനിലയത്തിൽ കഴിയുന്നവർ പുതുവർഷപ്പിറവി കണ്ടത് 16 തവണയാണ്. സുപ്രധാനമായ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഭാഗമായതും ബഹിരാകാശത്തുനിന്നു തന്നെ. മനുഷ്യനെ സൂര്യനിലേക്കും ചന്ദ്രനിലേക്കും എത്തിക്കാനുള്ള വൻകിട പദ്ധതികൾക്ക് നാസയും ഐ.എസ്.ആർ.ഒയും രൂപം നൽകുകയാണ് ഈ വേളയിൽ. ആ ഘട്ടത്തിൽ സുനിതാ വില്യംസിന്റെയും ബുച്ച് വിൽമോറിൻ്റെയും യാത്രാനുഭവങ്ങളും പ്രതിസന്ധികളും അത്തരം ദൗത്യങ്ങളുടെ കാര്യക്ഷമമായ മുന്നോട്ടുപോക്കിന് വഴി തെളിക്കും. വരുംകാലത്ത് ഒരു കൈക്കുമ്പിളിൽ വിശാലമായ ശൂന്യാകാശം മനുഷ്യമനസ്സുകൾക്ക് അനുഭവവേദ്യമാകും. ഇന്നത്തെ ഈ പ്രഭാതം സന്തോഷത്തിന്റെയും സംതൃപ്തിയുടെതുമാണ്. സ്പേസ് ടെക്നോളജി ഓരോ ഭാരതീയന്റെയും ഹൃദയത്തുടിപ്പിലെ മുദ്രയായി ബാക്കിനിൽക്കും. ഇന്ത്യൻ വംശജയായ സുനിതാ വില്യംസും കൂട്ടാളി ബുച്ച് വിൽമോറും പകരങ്ങളില്ലാത്ത അത്ഭുത അഭിമാന ചരിത്രം, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങളെ സധൈര്യം മുന്നേറിയ സുനിതയുടെയും ടീമിന്റെയും നിശ്ചയദാർഢ്യത്തെയും ആത്മവിശ്വാസത്തെയും വിശേഷിപ്പിക്കാൻ വാക്കുകളില്ല. ലോകത്തെ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ധീരയായ വനിത എന്ന് ലോകം സുനിതാ വില്യംസിനെ വിശേഷിപ്പിക്കുന്നത് അക്ഷരാർത്ഥത്തിൽ ഒരു വലിയ ശരിയാണ്. നാളെകളിൽ അയൽ രാജ്യങ്ങളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും പോകുന്ന പോലെ തന്നെ ബഹിരാകാശത്തേക്ക് പോയിവരുന്ന മനുഷ്യകുലത്തിന്റെ വിസ്മയകരമായ അനുഭവങ്ങൾക്കായി കാത്തിരിക്കാം…

error: