Editorial

ഈ കണ്ണീരിന് എങ്ങനെ മാപ്പ് നൽകും

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എസ് രാമചന്ദ്രന്റെ ഭൗതിക ദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പിറന്ന നാടിനായി സ്വന്തം ജീവൻ ഹോമിച്ച ധീരപുത്രന്  നിരവധി പേരാണ് അന്ത്യോപചാരം അർപ്പിച്ചത്. ജാതിയുടെയും മതത്തിന്റെയും പേരുകൾ ചികഞ്ഞ് മനുഷ്യനെ രണ്ടുതട്ടിലാക്കാൻ ശ്രമിക്കുന്ന വർഗീയ വിഘടനവാദത്തിന്റെയും മത തീവ്രവാദത്തിന്റെയും രക്തസാക്ഷിയാണ് രാമചന്ദ്രൻ ഉൾപ്പെടെയുള്ള 26 ഭാരതപുത്രന്മാർ. സ്വന്തം മകളുടെയും കൊച്ചുമക്കളുടെയും കൺമുന്നിൽ വച്ചാണ് രാമചന്ദ്രനെ ഭീകരവാദികൾ വെടിവെച്ചിട്ടത്. എന്തൊരു ഭയാനകവും സങ്കടകരവുമാണ്. ലോകത്ത് ഒരു മകനോ മകൾക്കോ കൊച്ചുമക്കൾക്കോ ഇനിയൊരിക്കലും ഇത്തരം സങ്കടം ഉണ്ടാവരുതെന്ന് രാജ്യം ഒന്നാകെ പ്രാർത്ഥിക്കുകയാണ്. മുസ്ലിമാണോ കലിമ ചൊല്ലാൻ അറിയുമോ എന്നാണത്രേ അച്ഛനോട് ചോദിച്ചതെന്ന്  ദുരന്തത്തിന് നേർ സാക്ഷിയാക്കേണ്ടി വന്ന മകൾ ആരതി പറയുമ്പോൾ കേൾക്കുന്ന ഓരോ മനുഷ്യന്റെയും മനസ്സ് തേങ്ങുകയാണ്. 26 കുടുംബങ്ങളുടെ കണ്ണുനീരിനും ജീവനുള്ള കാലത്തോളം തീരാത്ത വേദനയ്ക്കും അനാഥത്വത്തിനും എങ്ങനെ മാപ്പ് നൽകാനാകും. ഒരിക്കലുമാവില്ല…
ഉള്ളു പൊള്ളുന്ന സങ്കടത്തിലും ഭീകരതയ്ക്കെതിരായ മുദ്രാവാക്യങ്ങളാണ് രാമചന്ദ്രന് അന്ത്യാഭിവാദ്യമായി സമർപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ നൽകിയ ധീരനായ വ്യക്തിയായി കാലത്തിന്റെ ചരിത്രത്തിൽ എക്കാലവും രാമചന്ദ്രൻ അനുസ്മരിക്കപ്പെടും. ഇതിനിടയിലും മനുഷ്യത്വത്തിന്റെ സ്നേഹത്തിന്റെ സഹിഷ്ണുതയുടെ സഹവർത്തിത്വത്തിന്റെ പര്യായങ്ങൾ ഇല്ലാത്ത നന്മകൾക്കും ദുരന്ത നിമിഷങ്ങളിലും കാശ്മീർ സാക്ഷിയായിട്ടുണ്ട്.
കാശ്മീരികൾ എന്നെ അനിയത്തിയെ പോലെ കൂടെ കൂട്ടി ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞാണ് മടക്കി അയച്ചതെന്ന് രാമചന്ദ്രന്റെ മകൾ ആരതി പറയുമ്പോൾ അവിടെ തെളിയുന്നുണ്ട് ആ സ്നേഹവും നന്മയും. കാശ്മീരിലെ ഡ്രൈവർമാരായ മുസാഫിറും സമീറും ആണ് ആരതിയെയും മക്കളെയും രക്ഷിച്ചത്. കാശ്മീർ നിവാസികളാണ് ആരതിയുടെ അമ്മയ്ക്ക് താമസം ഒരുക്കി നൽകിയത്. മറ്റൊരു ധീരയോദ്ധാവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് സെയ്ത് ആദിൽ ഹുസൈൻ ഷാ. പഹൽ ഗാമിൽ കുതിരസവാരി നടത്തുന്ന സഞ്ചാരികളിൽ നിന്ന് ലഭിക്കുന്ന പണംകൊണ്ട് ജീവിക്കുന്നവൻ. സഞ്ചാരിയെ തോക്ക് ചൂണ്ടി നിർത്തിയിരിക്കുന്നത് കണ്ടു  ഭീകരവാദിക്ക് മുന്നിലേക്ക് ആത്മധൈര്യത്തോടെ ചെല്ലുകയും ആ തോക്ക് വാങ്ങി ബലപ്രയോഗം നടത്തി സഞ്ചാരികളെ രക്ഷിക്കുകയുമായിരുന്നു ആദിൽ. അതിനിടയിലാണ് മറ്റൊരു ഭീകരവാദിയിൽ നിന്ന് വെടിയേറ്റ് ആദിൽ മരണപ്പെടുന്നത്. വെറും നിമിഷങ്ങളുടെ പരിചയം മാത്രമുള്ള ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചവൻ, ആദിൽ ഈ ലോകത്തോളം ഉയർന്നവനാണ്. ഈ രാജ്യം ആദിലിനു മുന്നിൽ ആദരവോടെ തലതാഴ്ത്തുന്നു. സ്വന്തം ജീവിതം കൊണ്ട് ഒരു രാജ്യത്തിന്റെ തന്നെ ചരിത്രത്തിൽ അടയാളപ്പെട്ടതാണ് ആദിൽ. മരണമില്ലാത്ത ധീരതയ്ക്ക് മുന്നിൽ രാജ്യത്തിന്റെ കാവൽ മുഖമായി എക്കാലവും സ്മരിക്കപ്പെടും. ഏതു പ്രതിസന്ധിയിലും ഇത്തരം ചില മനുഷ്യർ ഉണ്ടെന്നുള്ളതാണ് ലോകമെമ്പാടുമുള്ള മാനവ സമൂഹത്തിനുള്ള ആത്മധൈര്യം.
രാമചന്ദ്രനും ഭരത് ഭൂഷണും മഞ്ജുനാഥും ഉൾപ്പെടെ സ്വദേശികളും വിദേശികളുമായി വിട്ടുപിരിഞ്ഞ എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ. കാലം കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല. പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ പ്രസക്തമാണ്. ഈ കണ്ണീരിന് മാപ്പ് നൽകില്ല, അവർ കരുതിയിരിക്കാത്ത നേരത്ത് സങ്കൽപ്പിക്കാനാവാത്ത മറുപടിയുണ്ടാവും… ഉണ്ടാവണം.

error: