Editorial

സിനിമകളിൽ വയലൻസ് നിയന്ത്രണം വേണം

ഒരു നാടിൻ്റെ സാമൂഹികവും സാംസ്കാരികവുമായ പ്രതിഫലനമാണ് സിനിമ. അതിനാലാണ് ഏറ്റവും മികച്ച ജനകീയ വിനോദോപാധിയായി നിലനിൽക്കുന്നത്. കാഴ്ചകരുടെ മനസ്സിനെയും ചിന്തകളെയും ആശയങ്ങളെയും വലിയ തോതിൽ സ്വാധീനിക്കാൻ കഴിയുന്നു എന്നതും ഇതിൻ്റെ വലിയൊരു പ്രത്യേകതയാണ്.
ജീവിതഗന്ധിയും കാലിക പ്രസക്തവുമായ നിരവധി സിനിമകൾ നിറഞ്ഞാടുന്ന സ്ക്രീനിൽ അടുത്ത കാലത്തായി വയലൻസ് വല്ലാതെ നടമാടുന്നു. ന്യൂജനറേഷൻ വൈബിൻ്റെ ചുവട് പിടിച്ച് പുറത്തിറങ്ങുന്ന സിനിമകളിലാണ് ഇത്തരം കാഴ്ചകൾ അധികമായി കാണുന്നത്. പുതിയ ചിത്രങ്ങളായ ആർ.ഡി.എക്സ്, കിങ്ങ് ഓഫ് കൊത്ത, മാർക്കോ അതിനു മുൻപ് ഇറങ്ങിയതും ഇനി മൂന്നാം ഭാഗം ഇറങ്ങാനിരിക്കുന്നതുമായ ദൃശ്യം തുടങ്ങിയ ചലച്ചിത്രങ്ങൾ പ്രേക്ഷകരുടെ മാനോനിലയെയും ഇടപെടലുകളെയും സ്വാധീനിക്കുന്നുണ്ട്.
സമീപകാലത്തായി കേരളത്തിൽ പരമ്പര പോലെ ഉണ്ടാകുന്ന കൊലപാതകങ്ങൾക്കും മറ്റ് അനിഷ്ട സംഭവങ്ങൾക്കും പിന്നിലെ പ്രധാന പ്രചോദനം ഇത്തരം ചിത്രങ്ങളാണെന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാകില്ല. സിനിമ സമൂഹത്തിന്റെ പരിഛേദമാണ്. ഇന്നലെകളിൽ അനീതിക്കെതിരെ ഉയർന്ന പാടവാളായിരുന്നു സിനിമ. തെറ്റുകൾക്കെതിരെ ആശയങ്ങൾ കോർത്ത് സീനുകളാൽ നടത്തുന്ന സർഗത്മക സമരം. എന്നാൽ ഇന്നോ… രണ്ടര മണിക്കൂർ സ്ക്രീനിൽ അക്രമങ്ങൾ, കൊലപാതകങ്ങൾ, ഭ്രൂണഹത്യകൾ , യുവാക്കളുടെ മനസിനെ ഹിംസാത്മകമാക്കാനുള്ള വഴി മരുന്നായി ചലച്ചിത്രങ്ങൾ മാറുന്നുണ്ടെന്ന കാര്യത്തിൽ വസ്തുതകളുണ്ടെന്ന് പറയാതെ വയ്യ.
ലഹരിക്കെതിരായ ബോധവൽക്കരണം നാട്ടിൽ നടക്കുമ്പോഴാണ് ലഹരി എങ്ങനെ ഉപയോഗിക്കാമെന്ന് ദൃശ്യങ്ങൾ സഹിതം സിനിമ കാണിച്ചു കൊടുക്കുന്നത്. ഒരു നല്ല ചിത്രം എന്നതിനേക്കാൾ കോടി ക്ലബ്ബിൽ അംഗമാകാൻ കാണിക്കുന്ന വെറും പൊറാട്ടു നാടകമായി മാറുകയാണ് പുതിയ കാലത്തിൻ്റെ പല സിനിമകളും. സിനിമ, സമൂലമായ കച്ചടവൽക്കരണത്തിന് എന്ന് വിധേയമായോ അന്നു മുതൽ സിനിമയുടെ സൗന്ദര്യവും സർഗാത്മകതയും ഇല്ലാതെയായി.
ഏറ്റവും കൂടുതൽ ദുരൂഹതകളും അന്യായമായതുമായ പല കാര്യങ്ങൾക്കും ഒളിഞ്ഞും തെളിഞ്ഞും സിനിമാ മേഖല വേദിയാണെന്ന് ഞെട്ടലോടെയാണ് എല്ലാവരും തിരിച്ചറിഞ്ഞത്. ലഹരി മരുന്നിൻ്റെ ഉപയോഗവും ലൈംഗിക ചൂഷണവും അനിയന്ത്രിതമായ തോതിലാണ് സിനിമയിലുള്ളത്. ഇത് തിരുത്താൻ നേതൃത്വം കൊടുക്കേണ്ട സിനിമ സംഘടനകൾ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ തീർക്കാനാണ് സംഘടനയുടെ വിലാസം ഉപയോഗിക്കുന്നത്. ഉത്തരവാദിത്വ ബോധമില്ലാത്ത ഇത്തരമാളുകൾ മലയാള സിനിമയുടെ ശാപം കൂടിയാണെന്ന് പറയാൻ നിർബന്ധിതമാവുന്നു.
വെള്ളിത്തിരയിലെ രാജാക്കന്മാരുടെ പൊയ്മുഖങ്ങൾ വലിച്ചു കീറിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ പറയുന്നിടത്ത് മലയാള സിനിമയിലെ അസാൻമാർഗികതയെയും പരാമർശിക്കുന്നുണ്ടെന്നാണ് സൂചനകൾ. സിനിമകൾ കലാമൂല്യം വീണ്ടെടുക്കണം. ഏതൊരു വ്യവസായം പോലെ സിനിമയെ കാണാനാവില്ല. വ്യവസായമെന്ന് കാണുമ്പോൾ തന്നെ സാമൂഹിക ഉത്തരവാദിത്വം നിർവഹിക്കേണ്ട ബാധ്യത കൂടി സിനിമയെന്ന കലയ്ക്കുണ്ട്.
സമൂഹത്തിനോട് ചേർന്ന് കിടക്കുന്നതാണ് സിനിമയും നാടകവുമെല്ലാം. അതുകൊണ്ടു തന്നെ സമൂഹത്തിലെ നല്ലതും ചീത്തയുമെല്ലാം ഈ കലാരൂപങ്ങളിലുമുണ്ടാകും. പക്ഷേ, സമൂഹത്തെ ബോധവൽക്കരിക്കുകയെന്ന ഉത്തരവാദിത്തം കൂടി ഈ മേഖലകൾക്കുണ്ടെന്ന് കൂടി ബോധ്യപ്പെടണം. സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കാനുള്ള മാർഗമായി നമ്മുടെ കലാരൂപങ്ങൾ മാറരുത്. അതിന് അവസരമൊരുക്കരുത്. അതുകൊണ്ടു തന്നെ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കട്ടെ, നല്ല സിനിമകളിലൂടെ.
സിനിമ മേഖലയിലെ വയലൻസ് നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം. ഒട്ടനവധി കാലങ്ങളുടെ കഥ പറയുന്ന നിരവധിയാളുകളുടെ ഉപജീവന മാർഗമായ ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട ഇഷ്ടങ്ങളിലൊന്നായ സിനിമ മേഖല, വൻ ശുദ്ധീകരണത്തിലൂടെ കലാമൂല്യമുള്ള നിരവധി ആവിഷ്കാരങ്ങൾക്ക് ജീവൻ നൽകട്ടെ…

Leave a Reply

Your email address will not be published. Required fields are marked *

error: