Editorial

രാജ്ഭവനെ രാഷ്ട്രീയകേന്ദ്രമാക്കരുത്

ലോക പരിസ്ഥിതിദിനാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ രാജ് ഭവനിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ തിരികൊളുത്തി പ്രാർഥിച്ച് പുഷ്പാർച്ചന നടത്തിയതിനു ശേഷം മാത്രമെ പരിപാടികൾ ആരംഭിക്കാവൂ, വൃക്ഷ തൈ നടാവു എന്ന ഗവർണറുടെ നിലപാടിനെ തുടർന്ന് സർക്കാരും കൃഷി വകുപ്പ് മന്ത്രി പി പ്രസാദും പരിപാടിയിൽ നിന്ന് പിന്മാറി.
ഭാരതാംബ രാജ്യത്തിൻ്റെ അടയാളമാണെന്നാണ് ഗവർണറുടെ വിശദീകരണം. ഭരണഘടനയുടെ പ്രതിനിധിയായ ഗവർണർ സുപ്രധാനമായ ഭരണഘടന സ്ഥാപനത്തെ രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമിച്ചത് അടുത്ത കാലത്തായി രാജ് ഭവനുകൾ കേന്ദ്രീകരിച്ച് ഗവർണർമാർ വഴി നടത്തികൊണ്ടിരിക്കുന്ന ആർ.എസ്.എസിൻ്റെയും ബി.ജെ.പി.യുടെയും വർഗരാഷ്ട്രീയത്തിൻ്റെ രീതിയാണ്. ബി.ജെ.പി ഇതര  ഭരണമുള്ള സംസ്ഥാനങ്ങളിൽ ഗവർണർ നിയമസഭയിൽ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ച് ഭരണ സ്തംഭനം സൃഷ്ടിക്കുകയും സർക്കാരുകളെ സമ്മർദത്തിൽ നിർത്തുകയാണ്.
തമിഴ്നാട് ഗവർണർ ആർ. എൻ. രവി തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെക്കുന്നതിനെതിരെ സുപ്രീം കോടതി ഗവർണർമാർക്കെതിരെ രൂക്ഷമായ വിമർശനസ്വരത്തോടെ രംഗത്ത് വന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും അധികാരങ്ങൾക്കു മീതെ ഗവർണർ കൈ കടത്തുന്ന ഭരണഘടനയുടെ ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. അതിനെക്കാൾ കൂടിയ രീതിയിൽ സംസ്ഥാനത്തിൻ്റെയും രാജ്യത്തിന്റെയും ഔദ്യോഗിക കേന്ദ്രങ്ങളെ കാവി വൽക്കരിക്കാനും ആർ.എസ്.എസ് ശാഖ ശൈലിയിലേക്ക് രാജ് ഭവൻ്റെ പ്രവർത്തനങ്ങളെ മാറ്റിയെടുക്കാനുമുള്ള ഗൂഢശ്രമത്തിൻ്റെയും ഭാഗമാണ്.
നേരത്തെയും ഗവർണറുടെ ഭാഗത്ത് നിന്ന് ഇത്തരം നടപടികൾ ഉണ്ടായിട്ടുണ്ട്, കഴിഞ്ഞ മാർച്ചിൽ ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി രാജ് ഭവൻ സംഘടിപ്പിച്ച പരിപാടിയിൽ ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തിയെ പങ്കെടുപ്പിച്ചിരുന്നു. ആ പരിപാടിയിൽ മുൻ പ്രധാനമന്ത്രിമാരെയും കേന്ദ്ര മന്ത്രിസഭകളെയും വിമർശനത്മകമായാണ് ഗുരുമൂർത്തി അന്ന് പ്രസംഗിച്ചത്. രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രം അല്ല. രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായങ്ങളുടെ പ്രകടനം നടത്താനുള്ള വേദിയുമാക്കാൻ ഗവർണർ തന്നെ നേതൃത്വം കൊടുക്കുന്നത് അനൗചിത്യമാണ്. പ്രതിഷേധാർഹമാണ്. സങ്കുചിതമായ രാഷ്ട്രീയതാൽപ്പര്യങ്ങളുടെ പുറത്ത് ഭരണഘടനയെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തെ ചോദ്യം ചെയ്ത സർക്കാർ നടപടി അഭിനന്ദനാർഹമാണ്. ഇരിക്കുന്ന പദവിയെ അപമാനിക്കുന്ന തരത്തിൽ രാഷ്ട്രീയ അന്ധത ബാധിക്കുന്ന ഗവർണർമാരെ തിരുത്താൻ ജനാധിപത്യ സർക്കാരുകൾക്കാണ് കഴിയുക.

error: