പിഎസ്സി പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് അവസരം
തിരുവനന്തപുരം(Thiruvananthapuram): മെയ് 24ലെ ബിരുദതല പ്രാഥമിക പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍, കാരണം വ്യക്തമാക്കുന്ന മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ജൂണ്‍ 28ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് പിഎസ്സി അറിയിച്ചു.
അംഗീകൃത സര്‍വകലാശാലകള്‍/സ്ഥാപനങ്ങള്‍ നടത്തിയ പരീക്ഷയുണ്ടയിരുന്നവര് രണ്ട പരീക്ഷകളുടെയും അഡ്മിഷന് ടിക്കറ്റ് ഹാജരാക്കണം. ചികിത്സയിലുള്ളവര്‍/അസുഖബാധിതര്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാലോ പ്രസവസംബന്ധമായ അസുഖങ്ങളുള്ളവര്‍ ചികിത്സ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ചേര്‍ത്ത് അപേക്ഷിച്ചാലോ ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളില്‍ പരീക്ഷയോട് അടുത്ത ദിവസങ്ങളില്‍ പ്രസവം പ്രതീക്ഷിച്ചവര്‍, യാത്രാബുദ്ധിമുട്ടുള്ളവര്‍/ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുള്ളവര്‍ എന്നിവര്‍ ആയത് തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ചികിത്സ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന് ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിച്ചാലോ ഒരു അവസരം കൂടി ലഭിക്കും.
പരീക്ഷാ തീയതിയില്‍ സ്വന്തം വിവാഹം നടന്ന ഉദ്യോഗാര്‍ഥികള്‍ തെളിവുസഹിതം അപേക്ഷിക്കണം. ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ പരിഗണിക്കുമെന്ന് പിഎസ്സി അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം അവരവരുടെ പരീക്ഷ കേന്ദ്രം ഉള്‍പ്പെടുന്ന പിഎസ്സി ജില്ല ഓഫിസില്‍ (തിരുവനന്തപുരം ജില്ല ഒഴികെ) അപേക്ഷിക്കണം.
തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ പിഎസ്സി ആസ്ഥാന ഓഫിസിലെ ഇഎഫ് വിഭാഗത്തില്‍ നല്‍കണം. ജൂണ്‍ രണ്ട് മുതല്‍ ഏഴുവരെ (വൈകീട്ട് 05.15 വരെ) ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. ജൂണ്‍ രണ്ടിന് മുമ്പ് ലഭ്യമായ അപേക്ഷകള്‍ പരിഗണിക്കില്ല. തപാല്‍/ഇ മെയില്‍ വഴി ലഭിക്കുന്ന അപേക്ഷകളും സ്വീകരിക്കില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പിഎസ്സി വെബ്സൈറ്റിന്റെ ഹോം പേജില്‍ മസ്റ്റ് നോ എന്ന ലിങ്കില്‍ പിഎസ്സി എക്സാമിനേഷന് അപ്ഡേറ്റ്സ് എന്ന പേജില്‍ ലഭിക്കും.
Highlights: Opportunity for those who cannot write PSC exams