കേരളത്തിനു തിരിച്ചടി…ശക്തമായ നിലയില്‍ വിദര്‍ഭ
നാഗ്പൂര്‍: നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് എന്ന നിലയിലാണ് വിദര്‍ഭ. 286 റണ്‍സിന്റെ ലീഡ് ആണ് വിദര്‍ഭയ്ക്ക് ഇപ്പോഴുള്ളത്. അവസാന ദിനം സ്‌കോര്‍ ഉയര്‍ത്തി കളി സമനിലയിലാക്കി ഒന്നാം ഇന്നിങ്‌സില്‍ നേടിയ ലീഡിന്റെ ബലത്തില്‍ കിരീടം ചൂടുകയാണ് വിദര്‍ഭയുടെ ലക്ഷ്യം.
ഒന്നാം ഇന്നിങ്‌സില്‍ അര്‍ഹിച്ച സെഞ്ചുറി നേടാനാവാതെയാണ് കരുണ്‍ നായര്‍ മടങ്ങിയത്. എന്നാല്‍ രïാം ഇന്നിങ്‌സില്‍ ടീമിന് അനിവാര്യമായ ഇന്നിങ്‌സോടെ സെഞ്ചുറി നേടി നാലാം ദിനം കരുണ്‍ പുറത്താവാതെ നില്‍ക്കുന്നു. 280 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്‌സും അടിച്ചാണ് 132 റണ്‍സോടെ കരുണ്‍ നായര്‍ പുറത്താവാതെ നില്‍ക്കുന്നത്.
33 പന്തില്‍ നിന്ന് നാല് റണ്‍സുമായി ക്യാപ്റ്റന്‍ അക്ഷയ് വഡ്കറാണ് കരുണിനൊപ്പം ക്രീസിലുള്ളത്. കരുണും ഡാനിഷ് മലേവാറും ചേര്‍ന്ന് കണ്ടെത്തിയ 182 റണ്‍സിന്റെ കൂട്ടുകെട്ട് ആണ് ലീഡ് ഉയര്‍ത്താന്‍ വിദര്‍ഭയെ സഹായിച്ചത്. ഈ കൂട്ടുകെട്ടില്‍ 100 റണ്‍സും വന്നത് കരുണില്‍ നിന്നാണ്.
ഫീല്‍ഡിങ്ങിലെ പിഴവുകള്‍ നാലാം ദിനം കേരളത്തിനു തിരിച്ചടിയായി. വ്യക്തിഗത സ്‌കോര്‍ 31ല്‍ നില്‍ക്കെ ഏദന്‍ ആപ്പിള്‍ ടോമിന്റെ പന്തില്‍ കരുണ്‍ നായര്‍ നല്‍കിയ ക്യാച്ച് അക്ഷയ് ചന്ദ്രന്‍ കൈവിട്ടത് കേരളത്തെ ഞെട്ടിച്ചു. ഇതിനു പുറമേ രണ്ടു തവണ ഭാഗ്യവും വിദര്‍ഭയെ തുണച്ചു. ഡാനിഷ് മലേവര്‍ ബാറ്റിങ്ങിനെത്തി ഒരു റണ്ണെടുത്തു നില്‍ക്കെ ജലജ് സക്‌സേനയുടെ പന്തില്‍ കേരളത്തിന്റെ എല്‍ബിക്കായുള്ള അപ്പീല്‍ അംപയര്‍ നിരസിച്ചു. കേരളം തീരുമാനം റിവ്യൂ ചെയ്‌തെങ്കിലും അംപയേഴ്‌സ് കോളിന്റെ ആനുകൂല്യത്തില്‍ ഡാനിഷ് മലേവര്‍ രക്ഷപ്പെട്ടു.
രണ്ട് ഓവറിനു ശേഷം എം.ഡി. നിധീഷിന്റെ പന്തില്‍ മലേവറിനെതിരെ അംപയര്‍ എല്‍ബി വിധിച്ചെങ്കിലും, ഇത്തവണ ഡിആര്‍എസ് വിദര്‍ഭയുടെ രക്ഷയ്ക്കെത്തുകയും ചെയ്തു. ഓപ്പണര്‍മാരായ പാര്‍ഥ് രെഖാഡെ (അഞ്ച് പന്തില്‍ ഒന്ന്), ധ്രുവ് ഷോറെ (ആറു പന്തില്‍ അഞ്ച്) എന്നിവരാണ് വിദര്‍ഭ നിരയില്‍ ആദ്യം പുറത്തായത്. രെഖാഡെയെ ജലജ് സക്‌സേന ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍, ഷോറെയെ നിധീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ക്യാച്ചെടുത്തു പുറത്താക്കി. സ്‌കോര്‍ 189 ല്‍ നില്‍ക്കെ ഡാനിഷ് മലേവര്‍ മടങ്ങി. അക്ഷയ് ചന്ദ്രന്റെ പന്തില്‍ സച്ചിന്‍ ബേബി ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. കേരളത്തിന് ഇനി വിജയിക്കണമെങ്കില്‍ അഞ്ചാം ദിവസം വിദര്‍ഭയെ അതിവേഗം പുറത്താക്കിയ ശേഷം ‘ട്വന്റി20’ ശൈലിയില്‍ ബാറ്റു വീശി വിജയ റണ്‍സ് കുറിക്കേണ്ടിവരും.