Editorial

നമ്മുടെ കുട്ടികളെ വീണ്ടെടുക്കാന്‍ എല്ലാവരും ഒന്നിച്ചിരിക്കണം


അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായിരുന്ന കൗമാര-യൗവനത്തെക്കുറിച്ച് കേരളത്തിന് ഇന്ന് ഭയവും ആശങ്കയുമാണ്. നമ്മുടെ കുട്ടികളുടെ മാനസിക നിലയും സാമൂഹിക ബോധവും അങ്ങേയറ്റം ഗുരുതരമായ അവസ്ഥയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. കാലം മാറുന്നതിനനുസരിച്ച് ഉണ്ടാകുന്ന അല്ലെങ്കില്‍ ഉണ്ടാകാവുന്ന സ്വാഭാവിക മാറ്റത്തിനപ്പുറം വരും നാളുകളില്‍ സമൂഹത്തെ ഒന്നാകെ തകര്‍ക്കുന്ന ഭീകരമായ വിപത്തായി ഇന്നത്തെ തലമുറകളുടെ ചെയ്തികള്‍ മാറുന്നു. സ്വന്തം കൂടപ്പിറപ്പിനെ, നൊന്തുപെറ്റ അമ്മയെ, പ്രാണനായി സ്നേഹിച്ചവളെ, ഒപ്പമിരിക്കുന്ന സഹപാഠിയെ ക്രൂരവും നിന്ദ്യവുമായ രീതിയില്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ച് കൊലപ്പെടുത്തുന്ന ക്രിമിനല്‍സ് ഭാവി തലമുറ പരിവര്‍ത്തനപ്പെടുത്തുന്ന തിരിച്ചറിയുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. ഇനി അതിനു മുന്നില്‍ പകച്ചു നിന്നിട്ട് കാര്യമില്ല; പ്രതിവിധിയാണാവശ്യം. എല്ലാ പ്രതിസന്ധികളെയും ഒരുമിച്ച് ഒറ്റക്കെട്ടായി നേരിട്ട് വിജയിച്ചവരാണ് മലയാളികള്‍ ഇതിനെയും അതെ ഐക്യത്തോടെ നാം കൈകാര്യം ചെയ്യണം. ആര്, എന്ത്, അവന്‍ ഇങ്ങനെ ചെയ്ത് എന്നിങ്ങനെയുള്ള ആരോപണ പ്രത്യയാരോപണങ്ങള്‍ക്കുമപ്പുറം ചതിക്കുഴിയില്‍ വീണവരെ കരകയറ്റാന്‍ തെറ്റുകളെ തിരുത്താന്‍ ശരിയിലേക്ക് വഴി നയിക്കാന്‍ കേരളത്തിലെ യുവജനപ്രസ്ഥാനങ്ങളും ജനാധിപത്യ സമൂഹവും മുന്നിട്ടിറങ്ങണം. നിങ്ങള്‍ വേണ്ടായെന്ന് പറഞ്ഞതൊന്നും ഈ മണ്ണില്‍ വളരില്ല. ക്യാമ്പസുകള്‍ ഇരുട്ട് മറവിലും ബാഹ്യശക്തികളുടെ ഇടപെടലിലൂടെ നടക്കുന്ന അന്യായങ്ങളെയും പരസ്യമായി ചോദ്യം ചെയ്യണം എതിര്‍ക്കണം നേരിടണം. ഒപ്പം താങ്ങും തണലും പിന്തുണയുമായി നാട് ഒപ്പമുണ്ട്. എല്ലാ മക്കളും ഒന്നാണ്. വലിയവന്‍ എന്നോ ചെറിയവനെന്നോ യാതൊരു വകഭേദതവുമില്ല. തെറ്റിന് തെറ്റായി കണ്ട് മകനെ കണ്ടെത്തിയ നിയമത്തെ അഭിനന്ദിച്ച വിഷ്ണുപുരം ചന്ദ്രശേഖരനെ പോലെയുള്ള പൊതുപ്രവര്‍ത്തകര്‍ കാണിച്ച തന്ന മാതൃക മഹത്തരമാണ്. ആ വഴിയിലൂടെ ഈ ശുദ്ധീകരണം ആരംഭിക്കേണ്ടത്. കൊടികളുടെ നിറത്തിനും വിളിക്കുന്ന മുദ്രാവാക്യത്തിനുമപ്പുറമാണ് മനുഷ്യബന്ധങ്ങളുടെ ശക്തി.

error: