വാഹനങ്ങള്‍ക്ക് 15 വര്‍ഷം കഴിഞ്ഞോ? പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം കിട്ടില്ല
ന്യൂഡല്‍ഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം തടയാന്‍ പുതിയ നീക്കവുമായി ഡല്‍ഹി സര്‍ക്കാര്‍. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കില്ലെന്ന് ഡല്‍ഹി പരിസ്ഥിതി കാര്യ മന്ത്രി മന്‍ജീന്തര്‍ സിംഗ് സിര്‍സ പറഞ്ഞു. മാര്‍ച്ച് 31 ന് ഈ തീരുമാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയ തലസ്ഥാനത്തെ വായുമലിനീകരണം കുറക്കുന്നത് സംബന്ധിച്ച് നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ച് അനുമതി വാങ്ങുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വാഹനങ്ങളുടെ കാലപ്പഴക്കം അറിയാന്‍ സാധിക്കുന്ന പ്രത്യേക ഉപകരണം സ്ഥാപിക്കും. 15 വര്‍ഷത്തെ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് വിലക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന സിഎന്‍ജി ബസുകളില്‍ 90 ശതമാനവും ഈ വര്‍ഷം ഡിസംബറോടെ പിന്‍വലിക്കും പകരം ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കും.