ആശാവർക്കർമാരുടെ സമരം അവസാനിപ്പിക്കണം
ആശാവർക്കർമാരുടെ സമരം രണ്ടാഴ്ചയോളം പിന്നിട്ടു കഴിഞ്ഞു. ഇതിനകത്ത് തന്നെ ദേശീയ സംസ്ഥാനതലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് ഈ വിഷയത്തെ നോക്കിക്കാണുന്നത്. അവകാശ സമരങ്ങളുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത മറ്റൊരു അധ്യായമായി ഇത് മാറിക്കഴിഞ്ഞു.
നാടിനൊപ്പം സേവന സന്നദ്ധവും കർമ്മനിരതവുമായ മനസ്സുമായി രാപ്പകൽ അധ്വാനിക്കുന്ന ജനവിഭാഗമാണ് തലസ്ഥാന നഗരിയിൽ കുംഭ ചൂടിനെക്കാളും തീവ്രതയിൽ പോരാട്ടവീര്യവുമായി മുന്നോട്ടുപോകുന്നത്. കക്ഷിരാഷ്ട്രീയപരമായ ആരോപണ ദുരാരോപണങ്ങൾ സമരത്തിന്റെ തുടക്കം മുതൽ നിലനിൽക്കുന്നുണ്ട്. സത്യത്തിൽ ജനാധിപത്യ ശൈലിയിൽ നടത്തുന്ന സമരത്തെ അങ്ങനെയൊരു ഫ്രയിമിലേക്ക് ഒതുക്കി നിർത്താൻ ശ്രമിക്കുന്നത് ഒട്ടും അഭികാമ്യമല്ല.
സംസ്ഥാനത്തിന്റെ തെരുവിൽ ഇന്നോളം നടന്നിട്ടുള്ള ചെറുതും വലുതുമായ ഒട്ടനവധി സമര പോരാട്ടങ്ങൾക്ക് അതിന്റേതായ ഗുണവും ദോഷവും ഒക്കെ ഉണ്ട്; അത് വസ്തുതയാണ്. നടക്കുന്നതും നടക്കാത്തതുമായ നൂറിൽപരം ആവശ്യങ്ങളും സമരഭടന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടാകും. പക്ഷേ,കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരമൊരു സമരം ആഴ്ചകളോളം നീണ്ടുപോകുന്നത് ശരിയല്ല. വിഷയം ഒത്തുതീർപ്പാക്കുന്നതിൽ അടിയന്തരമായ ഇടപെടൽ സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഭാഗത്തുനിന്ന് സംയുക്തമായി തന്നെ ഉണ്ടാക്കണം.
സമരസമിതി നേതാക്കളുമായി അവർ ഉന്നയിക്കുന്ന ആവശ്യങ്ങളും ആവലാതികളും കേൾക്കാനുള്ള ഒരു പൊതു ചർച്ച ഔദ്യോഗികതലത്തിൽ വിളിച്ചുചേർത്ത് സമരം എത്രയും പെട്ടെന്ന് തന്നെ അവസാനിപ്പിക്കണം. രാഷ്ട്രീയമായ മുതലെടുപ്പിന് ശ്രമിക്കുന്നവരിൽ നിന്ന് സമരസമിതിയും വേറിട്ട് നൽകേണ്ടതാണ്.
നിങ്ങളുടെ പോരാട്ടത്തിനൊപ്പം ഒരു നാട് ഒരേ മനസ്സോടെ ഐക്യദാർഢ്യപ്പെടുകയാണ്. ലോകമഹായുദ്ധങ്ങളും അന്താരാഷ്ട്ര പ്രശ്നങ്ങളും ഉൾപ്പെടെയുള്ള ഗുരുതരമായ വിഷയങ്ങൾ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് പരിഹരിച്ച് മുന്നോട്ടുപോകുന്നത് സകലയിടങ്ങളിലെയും രീതിയാണ്. എല്ലാവരെയും കേൾക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന മാനവികതയുടെ മഹത്തായ ഈ മണ്ണിൽ സന്നദ്ധ സേവനത്തിന്റെ ഉജ്ജ്വല മാതൃകകളായ ആശാവർക്കർമാരുടെ വിഷയത്തിൽ യാതൊരു തരത്തിലുമുള്ള അലംഭാവവും പാടില്ല.
ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി തന്നെ നടപ്പിലാക്കുമെന്നും മറ്റു കാര്യങ്ങളിൽ ഉചിതമായ ഇടപെടലുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് വ്യക്തവും ദൃഢവുമായ ഒരു ഉറപ്പാണ് ഇവിടെ വേണ്ടത്. വാഗ്ദാനങ്ങൾക്കപ്പുറം പ്രതിവിധിയും പരിഹാരവുമാണ് കാലം ആവശ്യപ്പെടുന്നത്. അതുകൊണ്ട് ചേർത്തുപിടിക്കണം കേൾക്കണം നമ്മുടെ സഹോദരങ്ങളെ…