സൂപ്പര്‍ കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒന്നാമന്‍ ഇലോണ്‍ മസ്‌ക് തന്നെ: ഇന്ത്യയില്‍ നിന്ന് ഇടം നേടിയത് രണ്ടുപേര്‍
ന്യൂഡല്‍ഹി: ലോകത്തെ സൂപ്പര്‍ കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയത് രണ്ട് പേര്‍ മാത്രം. വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പുതിയ പട്ടികയില്‍ രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും ഗൗതം അദാനിയുമാണ് രണ്ടുപേര്‍.
24 പേരടങ്ങുന്ന പട്ടികയിലാണ് ഇരുവരും ഇടം പിടിച്ചിരിക്കുന്നത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇലോണ്‍ മസ്‌കാണ്. മണിക്കൂറില്‍ 2 മില്യണ്‍ ഡോളറിലധികം സമ്പാദിക്കുന്ന മസ്‌കിന്റെ ആസ്തി 419 ബില്യണ്‍ ഡോളറിലധികമാണ്. ഈ രീതിയിലാണ് മസ്‌കിന്റെ സമ്പാദ്യമെങ്കില്‍ ഇലോണ്‍ മസ്‌ക് 2027 ഓടെ ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ ആകാനുള്ള സാധ്യതയുമുണ്ട്.
പഠനങ്ങള്‍ അനുസരിച്ച് ലോകത്തിലെ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിക്കുകയാണ്. നിലവില്‍ സൂപ്പര്‍ കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് 24 പേര്‍ മാത്രമാണ്. ഇതിലാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനി ഇടം നേടിയത്. അംബാനിയുടെ ആസ്തി 84.9 ബില്യണ്‍ ഡോളറാണ്. ഒപ്പമുള്ള അദാനിയുടെ ആസ്തി 65.4 ബില്യണ്‍ ഡോളറാണ്. എഫ്എംസിജി, ഊര്‍ജ്ജം എന്നീ മേഖലകളിലൂടെയാണ് അദാനി തന്റെ സമ്പത്ത് വളര്‍ത്തിയത്.