തങ്കത്തിന് വീണ്ടും മാറ്റ് കൂടുന്നു
ഒരിടവേളയ്ക്ക് ശേഷം വിലവീണ്ടും കൂടി
മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം പവന് വീണ്ടും മാറ്റ് വര്‍ധിപ്പിക്കുന്നു. ആഗോള സ്വര്‍ണവിലയിലും കുതിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഒരിടവേയ്ക്കു ശേഷമാണ് പവന് വീണ്ടും 64,000 കടക്കുന്നത്. മാസാദ്യം മൂന്നു ദിവസം വിലമാറ്റം ഇല്ലാതിരുന്ന പവന് ഇന്ന് 560 രൂപ കൂടി. 64,080 രൂപയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 70 രൂപ വര്‍ധിച്ച് 8,010 രൂപയിലത്തെി. സംസ്ഥാനത്ത് പണിക്കൂലിയും, ജിഎസ്ടിയും, സെസും അടക്കം നിലവില്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ കുറഞ്ഞത് 70,000 രൂപയെങ്കിലും ആകും. ഓഹരി വിപണികളിലെ കടുത്ത ലാഭമെടുപ്പും, യുഎസിന്റെ നിരക്കു യുദ്ധ ഭീഷണിയും സ്വര്‍ണത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. സ്വര്‍ണത്തിലെ നിക്ഷേപങ്ങള്‍ ഉയരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ആഗോള സ്വര്‍ണവില 24 മണിക്കൂറിനിടെ 1.08% വര്‍ധിച്ചു. അതായത് സ്വര്‍ണം ഔണ്‍സിന് 31.91 ഡോളര്‍ വര്‍ധിച്ച് 2,890.47 ഡോളറിലെത്തി. തിരുത്തലിനു ശേഷം ഔണ്‍സ് വില വീണ്ടും 2,900 പിന്നിടാന്‍ തയാറെടുക്കുന്നുവെന്നു സാരം. ആഗോള വിപണികളിലെ വിലമാറ്റങ്ങള്‍ ഡോളറില്‍ ആയതിനാല്‍ നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക വിലയില്‍ വലിയ സ്വാധീനം ചെലത്തും. ഡോളര്‍- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്.