നേതാക്കളുടെ പ്രായപരിധി സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം: പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ നേതാക്കളുടെ പ്രായപരിധി സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. കേന്ദ്ര കമ്മിറ്റി പാര്‍ട്ടി അംഗങ്ങളുടെ പ്രായപരിധി കേന്ദ്രം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ സംസ്ഥാനത്തും ഓരോ പ്രായ പരിധിയാണ്. തമിഴ്‌നാട്ടില്‍ 72 ആണ് പ്രായ പരിധിയെങ്കില്‍ കേരളത്തില്‍ 75 ആണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. നവകേരള രേഖയെ കുറിച്ച് അറിയില്ലെന്നും സംസ്ഥാനസമിതിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് 75 വയസാണ് പ്രായപരിധി. സംസ്ഥാന സമിതിയിലേക്കുള്ള പ്രായപരിധി മാനദണ്ഡം കേരളത്തിലും ത്രിപുരയിലും 75 വയസാണ്. ചിലയിടങ്ങളില്‍ 72ഉം 70മാണ് പ്രായപരിധി. അതേസമയം സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ് പരിഗണനയിലുള്ളത്.
പ്രായപരിധിയില്‍ ഇളവ് ലഭിച്ച മണിക് സര്‍ക്കാരിനെ ത്രിപുര സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തിയത് ഇത് മുന്നില്‍കണ്ടാണെന്നാണ് സൂചന. ഇക്കാര്യത്തെ കേരള, ബംഗാള്‍ ഘടകങ്ങള്‍ അനുകൂലിച്ചിട്ടുണ്ട്. എന്നാല്‍ മണിക് സര്‍ക്കാരിന് പദവി ഏറ്റെടുക്കാന്‍ താത്പര്യമില്ല എന്നാണ് വിവരം. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിയാമെന്ന നിലപാടിലാണ് അദ്ദേഹം.