വർത്തമാനകാലം സി.പി.എമ്മിനെ വായിക്കുന്നു
മർദ്ദിതന്റെയും പീഡിതന്റെയും ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ പറഞ്ഞ പ്രത്യശാസ്ത്രം, പാവപ്പെട്ടവന്റെയും തൊഴിലാളി വർഗ്ഗത്തിൻ്റെയും ആശയും ആവേശവുമായി പടർന്നു പന്തലിച്ചു വന്ന പാർട്ടി, ഒരു കാലഘട്ടത്തിന്റെ സ്വപ്നവുമായി ആർത്തിരമ്പി കയറിവന്ന പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ കേരള ഘടകം അതിന്റെ സംസ്ഥാന സമ്മേളനത്തിന് ഔപചാരികമായ നാന്ദിക്കുറിച്ചിരിക്കുന്നു. കയ്യൂരും കരിവെള്ളൂരും ഓഞ്ചിയവും പുന്നപ്രയും വയലാറും പകർന്നു നൽകിയ ആവേശത്തിന്റെ പോരാട്ട ചൂട് ദീപശിഖയിലെ അഗ്നിയിൽ ആളിക്കത്തിച്ച് കാതടപ്പിക്കുന്ന അഭിവാദ്യങ്ങളുടെ മനുഷ്യക്കാറ്റിൽ പാറിപ്പറന്ന പാർട്ടി പതാക വാനിലേക്ക് ഉയർത്തിയും കൊല്ലം അക്ഷരാർത്ഥത്തിൽ മറ്റൊരു ചെങ്കടലായി മാറി.
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന സി.പി.എമ്മിൻ്റെ 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായാണ് സി.പി.എമ്മിൻ്റെ സംസ്ഥാന സമ്മേളനത്തിന് ആറ് മുതൽ 9 വരെ കൊല്ലം വേദിയാകുന്നത്. വിവാദങ്ങളുടെ കാലത്ത് കൂടിയാണ് പാർട്ടിയും പാർട്ടി നയിക്കുന്ന സർക്കാരിന്റെയും യാത്ര. സംഘടനയുടെ ചരിത്രത്തിലാദ്യമായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയില്ലാതെ കോർഡിനേറ്റർ പങ്കെടുക്കുന്ന സമ്മേളനമെന്ന അപൂർവ്വതയും കൊല്ലം സമ്മേളനത്തിനുണ്ട്. യെച്ചൂരിയുടെ മരണാനന്തരം ഇതുവരെ ജനറൽ സെക്രട്ടറിയെ പാർട്ടി തെരഞ്ഞെടുത്തിട്ടില്ല.
രാജ്യത്ത് അധികാരം കൈയ്യാളുന്ന ഏക സംസ്ഥാനത്ത് നടക്കുന്ന ഈ സമ്മേളനത്തിന് ദേശീയ പ്രധാന്യവുമുണ്ട്. ഇന്നോളം സുപ്രധാനവും നയപരവുമായ പല ദേശീയ – അന്തർദ്ദേശീയ വിഷയങ്ങളിലും കേരളത്തിൻ്റെ നിലപാടും അഭിപ്രായങ്ങളും സി.പി.എമ്മിൻ്റെ പൊതുവികാരമായി ഉയർത്തപ്പെട്ടിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ രണ്ടാമതും പിണറായി വിജയൻ സർക്കാരിൻ്റെ അധികാര കാലത്തിനു തിരശീല വീഴാൻ ഒരു ചെറിയ സമയം മാത്രം ബാക്കി നിൽക്കെ. മൂന്നാം ഭരണ തുടർച്ചയിലേക്കുള്ള ഭരണപരവും സംഘടനാപരവുമായ നയ- പദ്ധതികൾ മൂന്ന് നാൾ നീണ്ടു നിൽക്കുന്ന സമ്മേളനം രൂപം നൽകും. 486 ഓളം പ്രതിനിധികളും പുറമേ നിന്നുള്ള 44 നിരീക്ഷരും ചേർത്ത് 530 ഔദ്യോഗിക വ്യക്തിത്വങ്ങൾ സമ്മേളനത്തിൻ്റെ ഭാഗമാകും.
പുതിയ കാലം ആവശ്യപ്പെടുന്ന പരിവർത്തനങ്ങൾക്ക് സജ്ജമാകാൻ സി.പി.എം പരിശീലനത്തിലാണെന്ന് വ്യക്തം. ഇതിന്റെ അനുരണനങ്ങൾ സ്വകാര്യ സർവകലാശാലകൾ മുതൽ ആഗോള നിക്ഷേപക സംഗമം പരിപാടികളിലടക്കം പ്രകടമായി കഴിഞ്ഞു. മാറിയ കാലത്തെ ഇടത് രാഷ്ട്രീയത്തിലാണ് സി.പി.എം. ഇടതുപക്ഷ ആശയങ്ങൾക്ക് ആഗോള തലത്തിൽ പ്രസക്തിയേറുമ്പോൾ ഭാരത സർക്കാർ ഏകാധിപത്യത്തിൻ്റെ ഭീകര രൂപം വരിക്കുമ്പോൾ സമ്മേളനത്തിൽ രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ അവതരിപ്പിക്കുന്ന നയ രേഖ വരും രാഷ്ട്രീയ രണഭൂമിയിലെ കുന്തമുനയാകും.
ജനക്ഷേമ പദ്ധതികളും ജനകീയ കർമ്മപരിപാടികളും സേവനത്തിൻ്റെയും ചേർത്തു നിർത്തലിൻ്റെയും രാഷ്ട്രീയ ഇന്ധനമാണ് ഒന്നാം പിണറായി സർക്കാരിനെ രണ്ടാമതും ആത്മവിശ്വാസത്തോടെ കൈപ്പിടിച്ചു നടക്കാൻ കേരള ജനതയെ പ്രേരിപ്പിക്കുന്ന ചേതോവികാരം. ആ ആവേശവും വിശ്വാസവും അണുവിട വ്യതിചലിക്കാതെ സംരക്ഷിക്കാനും കാത്ത് രക്ഷിക്കാനും മന്ത്രിമാർക്കും ജന പ്രതിനിധികൾക്കും മാത്രമല്ല കേരളത്തിലെ ഓരോ കമ്മ്യൂണിസ്റ്റുകാരനും ഉത്തരവാദിത്വമുണ്ട്. 30 വർഷങ്ങൾക്ക് ശേഷമാണ് കൊല്ലം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. ഇനിയുള്ള മൂന്നു പതിറ്റാണ്ട് കേരളം എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്ന വികസന കാഴ്ചപ്പാടിലും സമ്മേളനത്തിൽ ജന്മമാകും. ആർട്ടിഫിഷൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നവകാല സങ്കേതങ്ങളെ ചേർത്തു പിടിക്കാനും അകറ്റിനിർത്താനും ആവാത്ത വിധം മനുഷ്യ ജീവിതത്തിന്റെ പരിച്ഛേദമായി മാറുമ്പോൾ. ഇതിനെല്ലാമുള്ള നിലപാടും സമ്മേളനം വ്യക്തമാക്കേണ്ടതുണ്ട്.പുതുതലമുറയിലെ ആശങ്കാജനകമായ ലഹരിയുടെ അമിത ഉപയോഗവും അക്രമവാസനയും യുവജനപ്രസ്ഥാനങ്ങൾക്ക് ഈ ദുരന്തഭൂമിയിൽ പ്രതിസന്ധിയിൽ സ്വീകരിക്കാൻ കഴിയുന്ന നടപടിക്രമങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് കേരളീയ പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.
ഒരു വിളിപ്പാടകലെ തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പ് കാത്തുനിൽക്കുമ്പോൾ സ്ഥാനാർഥിനിർണയവും പ്രാദേശിക തലത്തിൽ പാർട്ടി സംവിധാനത്തിലും ജനകീയ ഇടപെടലുകളിലും ഉണ്ടായ ശരി തെറ്റുകളെയും ഇഴകീറി പരിശോധിച്ച് മാത്രമേ കൊല്ലം സമ്മേളനത്തിന്റെ കൊടി താഴ്ത്താനാവൂ. എല്ലാത്തരത്തിലും രാഷ്ട്രീയ കേരളത്തിന്റെ സമസ്ത വിഷയങ്ങളിലുമുള്ള നിലപാടുകളുടെ പരിച്ഛേദമാണ് സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം. മൂന്നു ദിവസങ്ങളും ഗൗരവപൂർവ്വമായ ചർച്ചകൾക്കും ആശയസംവാദങ്ങൾക്കും വേദിയാകുന്ന സമ്മേളനത്തെ അങ്ങേയറ്റം പ്രാധാന്യത്തോടെ കൂടിയാണ് പൊതുസമൂഹം നോക്കിക്കാണുന്നത്.