Kerala

ആത്മഹത്യ ചെയ്ത ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ ആരോപണം ശരിയെന്ന് ഓഡിറ്റ് റിപ്പോർട്ട്

കണ്ണൂർ: കൊടുവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആത്മഹത്യ ചെയ്ത ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട്. ജില്ലാതല കണക്ക് പരിശോധന വിഭാഗം നടത്തിയ ഓഡിറ്റിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്ക് ആയിരുന്ന ഉഷ കുമാരിയുടെ ആത്മഹത്യാക്കുറിപ്പിലും സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് പരാമർശിച്ചിരുന്നു. ഉഷയുടെ ആത്മഹത്യ കുറിപ്പിൽ ഫണ്ട് തിരിമറിയിൽ തന്നെ പങ്കാളിയാക്കാൻ ശ്രമിച്ചെന്നും, കൂട്ടുനിൽക്കാത്തതിൻ്റെ പേരിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മാനസികമായി പീഡിപ്പിച്ചെന്നും ആരോപിച്ചെന്നുമായിരുന്നു ആരോപണം.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് ജില്ലാ കണക്ക് പരിശോധന വിഭാഗം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഓഡിറ്റ് നടത്തി റിപ്പോർട്ട് പുറത്തുവിട്ടു. ഇടപാടുകളിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്നാണ് കണ്ടെത്തൽ.
എൻ എച്ച് എം ഫണ്ട്, പ്രോജക്ട് ഫണ്ട് എന്നിവ മുഖേനയുള്ള സാമ്പത്തിക ഇടപാടുകളിൽ കൃത്യതയില്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം.

കൂടാതെ മെഡിക്കൽ ഓഫീസർ കൃത്യമായി ഒപിയിൽ രോഗികളെ പരിശോധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 മുതൽ മൂന്ന് വർഷ കാലയളവിലെ ഓഡിറ്റ് റിപ്പോർട്ടിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ഇതേ കാലയളവിലാണ് ആരോപണ വിധേയയായ മെഡിക്കൽ ഓഫീസറുടെ സേവനവുമുണ്ടായിരുന്നത്.

കഴി‌ഞ്ഞ ജനുവരി 26 നാണ് ഒടുവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്ക് ഉഷ കുമാരിയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉഷാ കുമാരിയുടെ ആത്മഹത്യക്ക് പിന്നാലെ കുടുംബം മെഡിക്കൽ ഓഫീസർക്കെതിരെ തളിപ്പറമ്പ് ഡിവൈഎസ്‌പിക്ക് അടക്കം പരാതി നൽകിയിരുന്നു.

ഓഡിറ്റിൽ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകൾക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ കൃത്യമായ മറുപടി നൽകാനാണ് നിർദേശം.

error: