International

ലണ്ടനിൽ ജയശങ്കറിന് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണ ശ്രമം, വിദേശമന്ത്രാലയം അപലപിച്ചു

ലണ്ടന്‍: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണശ്രമം. യു.കെയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ലണ്ടനിലെ സ്വതന്ത്ര നയസ്ഥാപനമായ ചതം ഹൗസില്‍ നടത്തിയ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ സിഖ് തീവ്രവാദ സംഘടനയായ ഖലിസ്ഥാന്‍ വാദികളാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രിയുടെ യുകെ സന്ദർശന വേളയിൽ സുരക്ഷാ വീഴ്ചയുടെ ദൃശ്യങ്ങൾ കണ്ടതായി എംഇഎ പ്രസ്താവനയിൽ പറഞ്ഞു. “വിഘടനവാദികളുടെയും തീവ്രവാദികളുടെയും ഈ ചെറുസംഘത്തിൻ്റെ പ്രകോപനപരമായ പ്രവർത്തനങ്ങളെ ഞങ്ങൾ അപലപിക്കുന്നു.”

ചര്‍ച്ച കഴിഞ്ഞിറങ്ങിയ അദ്ദേഹത്തിന്റെ കാറിന് നേരെ പുറത്ത് നിന്നിരുന്ന സമരക്കാര്‍ ഓടിയടുക്കുകയായിരുന്നു. ഉടന്‍ ലണ്ടന്‍ പൊലിസെത്തി പ്രതിഷേധക്കാരെ തടഞ്ഞു. പൊലിസിന് മുന്നില്‍ വെച്ച് ഇന്ത്യന്‍ പതാക കീറുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധവുമായെത്തിയ ആളെ പൊലിസ് ശാന്തനാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

യു.കെയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതാണ് ജയ്ശങ്കര്‍. മാര്‍ച്ച് നാലു മുതല്‍ ഒമ്പതുവരെ നീളുന്ന സന്ദര്‍ശനത്തില്‍ വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണം എന്നീ മേഖലകളില്‍ ഇന്ത്യയുകെ സമഗ്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടക്കും. കൂടാതെ പ്രധാന ഭൗമരാഷ്ട്രീയ വിഷയങ്ങള്‍, സുരക്ഷാ സഹകരണം, ഉഭയകക്ഷി വ്യാപാര കരാറുകള്‍ എന്നിവയും ചര്‍ച്ചകളില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തും.

മാര്‍ച്ച് ആറുമുതല്‍ മുതല്‍ ഏഴു വരെ അയര്‍ലണ്ടിലായിരിക്കും സന്ദര്‍ശനം. അവിടെ ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. അയര്‍ലണ്ടിലെ ഇന്ത്യന്‍ പ്രവാസികളുമായും ആശയവിനിമയമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

error: