കാസർകോട് നിന്ന് 15കാരി കാണാതായ സംഭവം; വ്യാപക തിരച്ചിലിന് പൊലീസ്
കാസർകോട്: കാസർകോട് നിന്ന് കാണാതായ പതിനഞ്ചുകാരിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയ പൈവളിഗയ്ക്ക് സമീപ പ്രദേശത്തുള്ള വനത്തിനുള്ളിൽ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്താൻ പൊലീസ്. ഇതിനായി പൊലീസ് സംഘം സ്ഥലത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് ടവർ ലൊക്കേഷൻ കണ്ടെത്തുകയും പൊലീസ് തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ഇതോടെയാണ് വ്യാപക തിരച്ചിലിന് പൊലീസ് തയ്യാറായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവളിഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. തങ്ങൾ ഉറക്കമുണർന്നപ്പോൾ മകൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരി പന്ത്രണ്ടിന് പുലർച്ചെ മൂന്നരയോടെ പെൺകുട്ടിയെ കാണാതായി എന്ന് വ്യക്തമായി.
മൊബൈൽ ഫോൺ മാത്രമായിരുന്നു പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഇതേ ദിവസം തന്നെ പ്രദേശവാസിയായ 42കാരനേയും കാണാതായിട്ടുണ്ട്. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്. പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയതാണോ എന്നതടക്കം സംശയങ്ങളുണ്ട്.
സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. കുട്ടിയെ ഉടൻ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കാസർകോടിന് പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.