വി. രാമസ്വാമി അന്തരിച്ചു; രാജ്യത്ത് ഇംപീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജി
ചെന്നൈ ∙ സുപ്രീംകോടതി മുൻ ജഡ്ജി വി. രാമസ്വാമി (96) അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1989 മുതൽ 1994 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു. രാജ്യത്ത് ഇംപീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയാണ്. 1987ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുർവിനിയോഗം ചെയ്തെന്ന ആരോപണത്തിന്മേലാണ് 1993ൽ ഇംപീച്ച്മെന്റ് നടപടി നേരിട്ടത്.
രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും കോൺഗ്രസും സഖ്യകക്ഷികളും ഇംപീച്ച്മെന്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെ ലോക്സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായില്ല. 1953 ജൂലൈ 13 ന് അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം, ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ സിവിൽ, ക്രിമിനൽ കേസുകളാണ് കൈകാര്യം ചെയ്തിരുന്നത്.
962ൽ അഡീഷനൽ ഗവൺമെന്റ് പ്ലീഡറായും 1969ൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 1971ലാണ് രാമസ്വാമി മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1987ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ അദ്ദേഹം 1989ൽ സുപ്രീം കോടതി ജഡ്ജിയായി.